| Friday, 12th April 2024, 2:24 pm

ഡബ്ബിങ്, ക്യരക്ടര്‍ സ്‌പേസ്, കെമിസ്ട്രി... കല്ലുകടിയായി കല്യാണി

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. 1970കളില്‍ തലശ്ശേരിയില്‍ നിന്ന് സിനിമാമോഹവുമായി മദിരാശിയിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏറെക്കാലത്തിന് ശേഷം ഗംഭീര പ്രകടനമാണ് ധ്യാന്‍ ശ്രീനിവാസനില്‍ നിന്ന് ലഭിച്ചത്. വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കാന്‍ ഈ സിനിമയിലൂടെ ധ്യാനിന് സാധിച്ചു.

ഹൃദയത്തിലെക്കാള്‍ മെച്ചപ്പെട്ട പ്രകടനം പ്രണവും കാഴ്ച വെച്ചപ്പോള്‍ കൈയടി മുഴുവന്‍ കൊണ്ടുപോയത് നിവിന്‍ പോളിയുടെ കഥാപാത്രമായിരുന്നു. അര മണിക്കൂര്‍ മാത്രമേ നിവിന്‍ പോളി സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളൂ. ഏറെക്കാലത്തിന് ശേഷം നിവിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകര്‍.

എന്നാല്‍ ചിത്രത്തിലെ നെഗറ്റീവ് വശങ്ങളും ഇതിനോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമാണ് കല്യാണി പ്രിയദര്‍ശന്റെ കാസ്റ്റിങ്. ആനി എന്ന കഥാപാത്രത്തിന് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരിലേക്ക് കണക്ടായില്ല എന്നതും സിനിമയുടെ നെഗറ്റീവായിരുന്നു.

ഹൃദയത്തിന് ശേഷം കല്യാണി-പ്രണവ് ജോഡിയെ കൊണ്ടുവന്നപ്പോള്‍ അതിന് തക്കതായ പ്രാധാന്യം നല്‍കാന്‍ കഴിയാതെ പോയത് സിനിമയെ പിന്നോട്ട് വലിച്ചു. അതുപോലെ പ്രേക്ഷകര്‍ കേട്ട് പരിചയിച്ച കല്യാണിയുടെ ശബ്ദത്തിന് പകരം മറ്റൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റൈ ശബ്ദം നല്‍കിയതും കല്ലുകടിയായി തോന്നി. പ്രായമായ ഗെറ്റപ്പില്‍ കല്യാണി വന്നതും വലിയ ഇംപാക്ട് ഉണ്ടാക്കിയില്ല.

ഹൃദയം, തല്ലുമാല, ആന്റണി, ബ്രോ ഡാഡി, ശേഷം മൈക്കില്‍ ഫാത്തിമ എന്നീ സിനിമകളില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച കല്യാണിയുടെ തീരെ പ്രാധാന്യമില്ലാത്ത കഥാപാത്രമായിപ്പോയി ഈ ചിത്രത്തിലെ ആനി. കഥാപാത്രത്തിന്റെ പ്രശ്‌നം കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിലും വിനീത് എന്ന എഴുത്തുകാരന്‍ പരാജയപ്പെട്ടു.

Content Highlight: Kalyani Priyadarshan’s character in Varshangalkku Sesham

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more