അഭിനന്ദനങ്ങള്‍ക്കൊപ്പം ഏറെ വിമര്‍ശനങ്ങളും കേട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശനെതിരായ വിമര്‍ശനങ്ങള്‍ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ മകളെന്ന് നിലയിലുള്ള ഗുണങ്ങളുണ്ട്, അതുപോലെ പ്രിയദര്‍ശനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ബാധിക്കാറുണ്ടോ? എന്നായിരുന്നു ചോദ്യം.
‘എനിക്ക് അതുകൊണ്ടുണ്ടായ അനുഗ്രഹങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ. ഞാനും അച്ഛനും ഒരുമിച്ചിരിക്കുമ്പോള്‍ എപ്പോഴും പാട്ടുകളാണ് കേള്‍ക്കാറുള്ളത്. അച്ഛന്റെ റെക്കോഡറിലായിരിക്കും പാട്ടുകള്‍ റെക്കോഡ് ചെയ്യുന്നത്. കിഷോര്‍ കുമാറിന്റെ ‘കുഛ്‌തോ ലോക് കഹേങ്കേ’യാണ്. ചില കാര്യങ്ങള്‍ തലക്ക് പിടിക്കുമ്പോള്‍ ഞാന്‍ ആ പാട്ട് കേള്‍ക്കും. അപ്പോള്‍ മൈന്‍ഡ്‌സെറ്റ് ഓട്ടോമാറ്റിക്കലി മാറും. അതാണ് എന്റെ ജീവിതത്തിന്റെ ഫിലോസഫി,’ കല്യാണി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ശേഷം മൈക്കില്‍ ഫാത്തിമയെ പറ്റിയും കല്യാണി സംസാരിച്ചു. മലയാളം പഠിക്കുന്നത് ഒരു വലിയ പ്രോസസായിരുന്നുവെന്നും കഴിവിന്റെ പരമാവധി ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. ‘ഇതൊരു ലോങ് ഓണ്‍ ഗോയിങ് പ്രോസസാണ് എനിക്ക്. ഈ സിനിമയിലും ഞാന്‍ മുഴുവനും പെര്‍ഫെക്ടായി ചെയ്തു എന്നൊന്നും പറയില്ല. അത് ഇംപോസിബിളാണ്. ഇപ്പോഴത്തെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഈ സിനിമയില്‍ നല്‍കിയിട്ടുണ്ട്. ഇതിനപ്പുറം എനിക്ക് ചെയ്യാന്‍ പറ്റില്ല,’ കല്യാണി പറഞ്ഞു.
നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.
കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ്. ജി.മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: kalyani priyadarshan reply for criticism against priyadarshan