വൈറല്‍ മീമില്‍ വ്ളോഗര്‍ ബീപാത്തു; കമന്റില്‍ ഒറിജിനല്‍ സോഴ്‌സ് വെളിപ്പെടുത്തി കല്യാണി
Film News
വൈറല്‍ മീമില്‍ വ്ളോഗര്‍ ബീപാത്തു; കമന്റില്‍ ഒറിജിനല്‍ സോഴ്‌സ് വെളിപ്പെടുത്തി കല്യാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 18, 05:34 am
Sunday, 18th September 2022, 11:04 am

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായ മീമാണ് ഇടുപ്പില്‍ കയ്യും കുത്തി നില്‍ക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍. ഒരു മത്സരത്തിനിടയില്‍ കയ്യില്‍ കിട്ടിയ ക്യാച്ച് വിട്ടുകളഞ്ഞ പാക് ക്രിക്കറ്റ് താരം ആസിഫ് അലിയെ നിരാശയോടെ നോക്കി നില്‍ക്കുന്ന പാക് ആരാധകന്റെ മീമാണ് സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇയാളുടെ മുഖം മാറ്റി പകരം തല്ലുമാലയിലെ കല്യാണിയുടെ മുഖമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

സിനിമയില്‍ കല്യാണ പന്തലില്‍ വെച്ച് ടൊവീനോയുടെ വസീം തല്ല് തുടങ്ങുമ്പോള്‍ എഴുന്നേറ്റ് വന്ന് ‘തൃപ്തിയായി’ എന്ന ഭാവത്തില്‍ നില്‍ക്കുന്ന കല്യാണിയുടെ മുഖം മാത്രമാണ് എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നത്.

ട്വിറ്ററില്‍ ഉണ്ണി എന്ന അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്തിരിക്കുന്ന മീമിന് കമന്റുമായി കല്യാണി തന്നെ എത്തിയിരിക്കുകയാണ്. ‘നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനൊരു കാര്യം പറയാം. ഇതേ മീമിലെ ആളെ തന്നെയാണ് ആ രംഗത്തിന്റെ റഫറന്‍സ് ആയി എടുത്തിരുന്നത്. ഷോട്ട് എടുക്കുന്നതിന് തൊട്ടുമുമ്പ് പരാരിയും സംവിധായകനും എന്നെ ഇത് കൊണ്ട് കാണിക്കുകയായിരുന്നു. ഇതിന് മുമ്പ് ഒരു മീമും കണ്ട് ഇതുപോലെ സന്തോഷം തോന്നിയിട്ടില്ല,’ കല്യാണി ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തിയ കല്യാണിയുടെ ലുക്കും ഇതിന് മുമ്പ് മീമായി മാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തല്ലുമാല റിലീസ് ചെയ്ത. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വ്‌ളോഗര്‍ ബിപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍, അദ്രി ജോയ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്. സെപ്റ്റംബര്‍ 11ന് ചിത്രം നെറ്റിഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു,

Content Highlight: Kalyani priyadarshan herself has come with a comment on the meme of thallumaala beepathu