താൻ ഇപ്പോൾ ബോക്സിങ് ചെയ്യുമെന്ന് നടി കല്യാണി പ്രിയദർശൻ. ഇപ്പോൾ ആന്റണി എന്ന സിനിമ റിലീസിനൊരുങ്ങുകയാണെന്നും കണ്ടാൽ ബോക്സിങ് താരം എന്ന് തോന്നാത്ത തന്നെ ബോക്സിങ് താരമാക്കിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും കല്യാണി പറയുന്നുണ്ട്. സിനിമക്ക് ശേഷവും താൻ ബോക്സിങ് പരിശീലനം തുടരുന്നുണ്ടെന്നും താരം വ്യക്തമാക്കി. മലയാള മനോരമയുടെ ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു താരം.
താനിപ്പോൾ മലയാളം വായിക്കുമെന്നും എന്നാൽ ണ- ഞ- ര തുടങ്ങിയ ചില അക്ഷരങ്ങൾ ഇപ്പോഴും തനിക്ക് പിടികിട്ടിയിട്ടില്ലെന്നും കല്യാണി പറയുന്നുണ്ട്. മലബാറിലെ പെൺകുട്ടികളുടെ മുഖമാണ് സംസാരിക്കുന്നതെന്നും മുഖം പറയുന്നതിന്റെ പകുതിയേ ഭാഷയിൽ ഉണ്ടാവുകയുള്ളൂയെന്നും കല്യാണി പറഞ്ഞു. മലബാറിലെ പെൺകുട്ടികൾക്ക് ഒരു സെക്കൻഡിൽ പത്ത് ഭാവം വരുമെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാനിപ്പോൾ മലയാളം വായിക്കും. ണ- ഞ- ര തുടങ്ങിയ ചില അക്ഷരങ്ങൾ ഇപ്പോഴും എനിക്ക് പിടി തന്നിട്ടില്ല. മലബാറിലെ പെൺകുട്ടികളുടെ മുഖമാണ് സംസാരിക്കുക. ഒരു സെക്കൻഡിൽ മുഖത്ത് പത്ത് ഭാവം വരും. മുഖം പറയുന്നതിന്റെ പകുതിയെ ഭാഷയിൽ ഉണ്ടാകു. കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടുമാണ് അവർ മിക്ക കാര്യങ്ങളും പറയുക. മലപ്പുറത്തെയും കോഴിക്കോട്ടെയും കാസർകോട്ടെയും കണ്ണൂരിലെയുമെല്ലാം ‘പെൺകുട്ടികളെ കണ്ടിക്കാ…’ എന്നൊരു പാട്ടില്ലേ, അത് സത്യമാണ്.
‘ശേഷം മൈക്കിൾ ഫാത്തിമ’ എന്നത് ജീവിതത്തിലെ ലക്ഷ്യങ്ങൾ സ്വപ്നം കണ്ടു ജീവിക്കുന്ന പെൺകുട്ടികളുടെ കഥയാണ്. ഞാനും അങ്ങനെ ഒരു സ്വപ്നവുമായി ജീവിക്കുന്ന കുട്ടിയാണ്. ഇപ്പോഴും അനൂപ് ചേട്ടൻ മെസ്സേജ് അയക്കുന്നത് മലയാളത്തിലാണ്. മലയാളം പഠിച്ചു തുടങ്ങി എന്നത് സിനിമ എനിക്ക് തന്ന ഭാഗ്യമാണ്.
ജയം രവിയുടെ ഒപ്പം തമിഴ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ. കണ്ടാൽ ബോക്സിങ് താരം എന്ന് തോന്നാത്ത എന്നെ ബോക്സിങ് താരമാക്കി ജോഷി സാർ സംവിധാനം ചെയ്ത ആന്റണി എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. ആ സിനിമയ്ക്ക് ശേഷവും ഞാൻ ബോക്സിങ് പരിശീലനം തുടരുന്നു. ഓരോ സിനിമയും എനിക്ക് എന്തെങ്കിലും സമ്മാനിക്കും. അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കണ്ട് അസൂയപ്പെട്ടാണ് ഞാൻ സിനിമയിലേക്ക് വന്നത്. ഇപ്പോൾ എനിക്ക് ചുറ്റും കുറെ സുഹൃത്തുക്കൾ ഉണ്ട് അവർ എന്നെ കൂടി ചേർത്ത് നല്ല സിനിമകൾ ഉണ്ടാകുമെന്ന് ഞാൻ സ്വപ്നം കാണുന്നു,’ കല്യാണി പ്രിയദർശൻ പറയുന്നു.
Content Highlight: Kalyani priyadarshan continues Boxing training