കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ റിലീസിനൊരുങ്ങുകയാണ്. ഫാത്തിമയെന്ന കഥാപാത്രമാകാന്‍ താന്‍ നടത്തിയ ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി.
ഫാത്തിമ മലപ്പുറത്തെ ഒരു പെണ്‍കുട്ടിയാണെന്നും ആ കഥാപാത്രമാകാന്‍ താന്‍ മലപ്പുറത്തെ പെണ്‍കുട്ടികളെയാണ് റഫറന്‍സ് ആക്കിയതെന്നുമാണ് കല്യാണി പറയുന്നത്. മലപ്പുറത്തെ പെണ്‍കുട്ടികളെല്ലാം പൊളിയാണെന്നും മിടുക്കികളാണെന്നുമാണ് എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ കല്യാണി പറഞ്ഞത്.
‘ഫാത്തിമയെന്ന കഥാപാത്രത്തിലേക്ക് വരാന്‍ റഫറന്‍സുകള്‍ ഉണ്ടായിരുന്നു. ഈ കഥാപാത്രത്തെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ രണ്ട് കാര്യങ്ങളാണ് ഫോക്കസ് ചെയ്തത്. അതില്‍ ഒന്ന് ഭാഷയാണ്. ഈ പാത്തു മലപ്പുറത്തെ ഒരു പെണ്‍കുട്ടിയാണ്. ഞാന്‍ അവിടുത്തെ കുറച്ച് പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ ഞാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചത് അവര്‍ എല്ലാവരും ഫുള്‍ ഓഫ് എനര്‍ജിയാണ് എന്നതാണ്.
മിടുക്കി കുട്ടികളാണ് അവര്‍. എല്ലാ ഇമോഷന്‍സും അവരുടെ മുഖത്ത് കാണാന്‍ പറ്റും. അഞ്ച് സെക്കന്റില്‍ അഞ്ച് ഇമോഷന്‍ മിന്നിമറയും. അവര്‍ സംസാരിക്കുന്നത് തന്നെ വേറെ ലെവലിലാണ്. സിനിമ കാണുമ്പോള്‍ ആളുകള്‍ക്ക് ഒരു മലപ്പുറം പെണ്‍കുട്ടിയെ മീറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന എനര്‍ജി കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിന് വേണ്ടി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ വന്നിട്ടുണ്ടോ എന്നറിയില്ല.
പിന്നെ ഭാഷ. ഭാഷ ഈ സിനിമയില്‍ ഒരു കഥാപാത്രമാണ്. ഹൃദയത്തിലും തല്ലുമാലയിലും എനിക്ക് പറയാന്‍ ഉള്ളതിനേക്കാള്‍ ഡയലോഗ് ഈ സിനിമയിലെ ഒരു സീനില്‍ മാത്രമുണ്ട്. മലയാളം അങ്ങനെ സംസാരിക്കാന്‍ പറ്റാത്ത എനിക്ക് അതൊരു ചലഞ്ചായിരുന്നു. ഞാന്‍ തന്നെ സ്വയം ഡബ്ബ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
സംവിധായകന്‍ എന്നെ വിശ്വസിച്ചു. അദ്ദേഹം ഒരുപാട് സഹായിച്ചു. പിന്നെ സുരഭി ചേച്ചി എന്റെ കൂടെയിരുന്ന് ഡബ്ബ് ചെയ്യാന്‍ സഹായിച്ചു. അവര്‍ ഈ പടത്തിലില്ല. പക്ഷേ അവര്‍ ക്ഷമയോടെ വന്നിരുന്ന് എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നു. റ, ര പോലുള്ള വാക്കുകള്‍ ഉച്ഛരിക്കാന്‍ എനിക്ക് പ്രയാസമാണ്. ചില വാക്കുകള്‍ നീട്ടി പറഞ്ഞാല്‍ വേറെ സ്ലാങ് ആകുമെന്നൊന്നും അറിയില്ലായിരുന്നു. അതൊക്കെ പഠിപ്പിച്ചു തന്നു,’ കല്യാണി പറഞ്ഞു.
ഒരു വോളിബോള്‍ മാച്ചിന് ചെന്നപ്പോള്‍ അവര്‍ അവിടുത്തെ കമന്ററി ബോക്‌സില്‍ കയറാന്‍ എനിക്ക് അവസരം തന്നു. അതിന്റെയൊരു ഫീല്‍ വലുതായിരുന്നു. ശരിക്കും കമന്റേറ്റേഴ്‌സ് സംസാരിക്കുന്നതും അവര്‍ മൈക്ക് പിടിക്കുന്ന രീതിയും സൗണ്ട് മോഡുലേഷനും എല്ലാം നോക്കി പഠിക്കാന്‍ പറ്റി. അവിടെ ലൈവായി കമന്ററി പറയാനും ചാന്‍സ് കിട്ടി. ഇങ്ങനെയൊക്കെയാണെങ്കിലും റിയലും റീലും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്,’ കല്യാണി പറഞ്ഞു.
Content highlight: Kalyani Priyadarshan about Malappuram Girls