മലയാള സിനിമയിലെ യുവനടിമാരില്‍ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള താരമാണ് കല്യാണി പ്രിയദര്‍ശന്‍. ഹൃദയം, തല്ലുമാല, ബ്രോ ഡാഡി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വരനെ ആവശ്യമുണ്ട് തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു കല്യാണി.
‘ ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് കല്യാണി. തന്റെ കരിയറിനെ കുറിച്ചും ഇതുവരെ ചെയ്ത സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കല്യാണി.
താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം സ്വീകാര്യത കിട്ടിയിരുന്നെങ്കിലും സ്‌ക്രീന്‍ സ്‌പേസ് കുറവായിരുന്നെന്നാണ് കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കല്യാണി.
‘ കഴിഞ്ഞ വര്‍ഷം പോലൊരു വര്‍ഷം എന്റെ കരിയറില്‍ ഇനി ഉണ്ടാകുമോയെന്ന് അറിയില്ല. അത്രയേറെ സിനിമകള്‍ കിട്ടി. മികച്ച കഥാപാത്രങ്ങള്‍ കിട്ടി. ഭാവിയെ കുറിച്ചോര്‍ത്ത് ഒരുപാട് പ്രതീക്ഷകളും ഉണ്ട്. ഫാത്തിമയെ കുറിച്ച് പറയാനാണെങ്കില്‍ ഒരു സിനിമയില്‍ ടൈറ്റില്‍ റോള്‍ ചെയ്യുക എന്ന് പറയുന്നത് വലിയ ഉത്തരവാദിത്തമാണ്. ചെറിയ കാര്യമല്ല.
ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം സ്വീകാര്യത കിട്ടിയിട്ടുണ്ടെങ്കിലും സ്‌ക്രീന്‍ സ്‌പേസ് വളരെ കുറവായിരുന്നു. അതുമാത്രമല്ല ഞാന്‍ വളരെ എക്‌സ്പീരിയന്‍സ് ആയിട്ടുള്ള ആളുകള്‍ക്കൊപ്പമായിരുന്നു അഭിനയിച്ചത്. ആ സീനിന്റെ ഉത്തരവാദിത്തം പലപ്പോഴും അവര്‍ക്കായിരുന്നു. ഒറ്റയ്ക്ക് ഒരു സിനിമയെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുമോ എന്ന് അറിയില്ല. പക്ഷേ ഞാന്‍ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നെ വിശ്വസിച്ച് കുറേ പേര്‍ വന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. സിനിമ നന്നായി വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ കല്യാണി പറഞ്ഞു.
ഫാത്തിമയും പാത്തുവും വ്യത്യസ്തമാണ്. പേരില്‍ സാമ്യതയുണ്ടാകും. എന്നാല്‍ സംസാരിക്കുന്ന രീതിയും പെരുമാറ്റവും റിലേഷന്‍ഷിപ്പും
ബാക്ക് ഗ്രൗണ്ടും എല്ലാം വ്യത്യസ്തമാണ്.
ഒരു നടിയെന്ന നിലയില്‍ എല്ലാ സിനിമയിലും ഞാന്‍ എന്റെ കംഫര്‍ട്ട് സോണും ബൗണ്ടറിയും പുഷ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. തല്ലുമാലയ്ക്ക് വേണ്ടി എന്റെ പേഴ്‌സണാലിറ്റി വരെ ഞാന്‍ മാറ്റിയിട്ടുണ്ട്. ഇവിടെ ലാംഗ്വേജ് ആണ് കീ ഫാക്ടര്‍. മലയാളത്തില്‍ ഞാന്‍ അത്ര ഫ്‌ളുവന്റ് അല്ല. അത് എല്ലാവര്‍ക്കും അറിയാം.
ഈ സ്‌ക്രിപ്റ്റ് കേട്ട എല്ലാവരും ഡയറക്ടറോട് ചോദിച്ചത് ഞാന്‍ തന്നെ ഈ വേഷം ചെയ്യണോ എന്നാണ്. ചെയ്താല്‍ തന്നെ വേറെ ആരെയെങ്കിലും വെച്ച് ഡബ്ബ് ചെയ്യിച്ചൂടെ എന്ന് ചോദിച്ചിരുന്നു. ഭാഷ എന്ന് പറയുന്നത് എനിക്ക് ബാലി കേറാ മലയാണ്. എന്റെ സ്‌ട്രോങ് പോയിന്റ് അല്ല. അതുകൊണ്ട് തന്നെ കുറച്ചധികം സമയം ഞാന്‍ അതില്‍ ചിലവഴിച്ചു. സ്വയം ഡബ്ബ് ചെയ്യാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി, കല്യാണി പറഞ്ഞു.
Content Highlight: Kalyani Priyadarshan about her roles and Screnn space