മലയാളത്തിലെ ഒട്ടുമിക്ക യുവനടന്മാര്‍ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പൃഥ്വിരാജ്, ടൊവിനോ, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെയെല്ലാം നായികയായി കല്യാണി എത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമാണ്.
മലയാളത്തിലെ യുവനടന്മാര്‍ക്കൊപ്പം ഒന്നിച്ചഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കല്യാണി. പലരും പല രീതിയില്‍ തനിക്ക് ഉപദേശങ്ങള്‍ തന്നവരാണെന്നും പല പ്രതിസന്ധി ഘട്ടങ്ങളിലും തന്റെ സഹായത്തിന് ഇവര്‍ എത്തിയിട്ടുണ്ടെന്നുമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായിരുന്നു. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ എന്ന നിലയില്‍ ആളുകള്‍ എന്നില്‍ നിന്ന് ഒരുപാടു പ്രതീക്ഷിക്കും എന്ന ചിന്ത എന്റെ ഹൃദയത്തിന്റെ ഭാരം കൂട്ടി. ഷോട്ടിനു റെഡിയായപ്പോള്‍ എനിക്കു തന്നെ എന്റെ ഹൃദയമിടിപ്പ് ചെവിയില്‍ കേള്‍ക്കാമെന്ന അവസ്ഥയായിരുന്നു. ഈ ടെന്‍ഷന്‍ മനസ്സിലാക്കിയിട്ടാകും ദുല്‍ഖര്‍ എന്റെയടുത്തു വന്നു സംസാരിച്ചു.
അമ്മു, ഞാന്‍ കടന്നു പോയ അതേ സാഹചര്യത്തിലാണ് ഇപ്പോള്‍ നീയും. എനിക്ക് ഉപ്പയുടെ സെലിബ്രിറ്റി ഇമേജ് മാത്രം നോക്കിയാല്‍ മതിയായിരുന്നു. നിനക്ക് അതിലേറെ സിനിമാ ഭാരമുണ്ടെന്ന് പറഞ്ഞു.അതൊരു ഉത്തരവാദിത്തമായി എടുക്കണമെന്നും അപ്പോള്‍ ടെന്‍ഷനില്ലാതെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാകുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
സത്യത്തില്‍ ആ വാക്കുകള്‍ വലിയ ആശ്വാസം നല്‍കി. ആ ചിത്രത്തിന്റെ നിര്‍മാതാവാണെങ്കിലും നായകനായ ദുല്‍ഖറിന്റെ മുഖമാണ് ഓര്‍മയിലുള്ളത്, കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
ബ്രോ ഡാഡിയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ടെന്‍ഷനെ കുറിച്ചും ആദ്യമായി മോഹന്‍ലാലിനൊപ്പമുള്ള സീന്‍ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ പേടിയെ കുറിച്ചുമെല്ലാം കല്യാണി അഭിമുഖത്തില്‍ സംസാരിച്ചു.
ബ്രോ ഡാഡിയുടെ സമയത്തു ടെന്‍ഷനടിച്ചത് ലാലങ്കിളിനൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോഴാണ്. അച്ഛനെപ്പോലെ തന്നെ അടുപ്പവും സ്‌നേഹവും ഉള്ളയാളാണ് ലാലങ്കിള്‍. അച്ഛന്റെ സെറ്റുകളില്‍ വെച്ച് ഒരുപാടു തവണ ആ അഭിനയം അടുത്തു നിന്നു കണ്ടിട്ടുമുണ്ട്. പക്ഷേ, ആ ദിവസം ഞാന്‍ കിളി പോയ അവസ്ഥയിലായിയിരുന്നു. എന്റെ മുഖത്തെ ആധി കണ്ടിട്ടാകണം ലാലങ്കിള്‍ ധൈര്യം തന്നു. ആദ്യ ഷോട്ട് ഓക്കെയായതോടെ എല്ലാ കൂള്‍ ആയി, കല്യാണി പറഞ്ഞു.
നടനും സംവിധായനും കൂടിയായ പൃഥ്വിരാജിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും കല്യാണി സംസാരിച്ചു. നടനായും സംവിധായകനായും രാജു സൂപ്പറാണ്. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്താണു സെറ്റില്‍ വരിക. അതുകൊണ്ട് നമുക്കു കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നടക്കും.
ബ്രോ ഡാഡിയുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് രാജുവിനോടു ജീവിതത്തില്‍ ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. പല വര്‍ഷങ്ങളുടെ അടുപ്പമുള്ള ഒരാളെന്നാണ് അപ്പോള്‍ തോന്നിയത്. ഇപ്പോള്‍ ഏതു കാര്യത്തിലും ഉപദേശത്തിന് ആദ്യം വിളിക്കുന്നത് രാജുവേട്ടനെയാണ്, കല്യാണി പറഞ്ഞു.
Content Highlight: Kalyani priyadarshan about DQ Prithviraj Tovino and Mohanlal