ഈ ബുക്ക്‌ലെറ്റ് ഇന്നലെയും തൃശൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്നും വിതരണം ചെയ്തിരുന്നു. ഇപ്പോഴും ഈ ബുക്ക്‌ലെറ്റ് പാറമേക്കാവ് ദേവസ്വം വിതരണം ചെയ്യുന്നുണ്ട്.
രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കറുത്ത മാല്‍ന്യൂട്രീഷനും ദളിത് വംശജനുമായ ബാലന്‍ കുടചൂടിക്കൊടുക്കുന്നതായുള്ള കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യമാണ് വിവാദമായത്. അടിമ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഈ ചിത്രം വര്‍ണ്ണ വിവേചനത്തെയും വെളുത്തവരുടെ ആധിപത്യത്തെയും ഉയര്‍ത്തിക്കാണിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു.
വംശീയ വിദ്വേഷം നിറഞ്ഞ ഈ പരസ്യത്തെക്കുറിച്ച് ഡൂള്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പരസ്യത്തിനെതിരെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറും മോഡലുമായ ഐശ്വര്യ റായി ബച്ചന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.
”
സ്ത്രീയുടെ അങ്ങേയറ്റം വെളുത്ത നിറവും കുട്ടിയുടെ ഇരുണ്ട നിറത്തെ കൂടുതല്‍ ഇരുട്ടായി കാണിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ശ്രമം നടന്നതായി ചിത്രീകരണം ശ്രദ്ധിച്ചാല്‍ മനസിലാവും. ഇത് പൂര്‍ണമായും വംശീയതയാണ്. ഈ പരസ്യത്തിന്റെ വംശപാരമ്പര്യം ചെന്നെത്തുന്നത് 17,18 നൂറ്റാണ്ടുകളിലെ ജന്‍മിത്വ കെട്ടുപാടുകളിലേക്കാണ്.” എന്ന് ചൂണ്ടിക്കാട്ടിയാണ് കത്തു തുടങ്ങുന്നത്.
“ഈ ലക്ഷ്യങ്ങളോടുള്ള നമ്മുടെ ബാധ്യത നമ്മള്‍ ഉറക്കെ പറയേണ്ടതുണ്ട്. ഉല്‍പന്നങ്ങള്‍ക്കുമപ്പുറം നമുക്ക് ഇത്തരം പരസ്യങ്ങളെ കാണേണ്ടതുണ്ട് നമ്മുടെ മിഥ്യ/ആഗ്രഹം എന്നിവയെ നിങ്ങള്‍ ആഴത്തില്‍ പരിശോധിക്കണം. ഇത്തരമൊരു പരസ്യം മുന്നോട്ടുവെയ്ക്കുന്ന വിവേചനങ്ങളെ വിശിഷ്യ പരിശോധിക്കാന്‍ തയ്യാറാവണം.” എന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഐശ്വര്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു വിശദീകരണവുമായെത്തിയ ഐശ്വര്യാ റായി ഒറിജിനല്‍ ഫോട്ടോഷൂട്ട് പോസ്റ്റുകയും ചെയ്തിരുന്നു. പ്രസ്തുത വര്‍ണ വിവേചനം നിറഞ്ഞ വംശീയ പോസ്റ്ററിനു വേണ്ടിയല്ല മോഡലായതെന്നും അത് അവസാനത്തെ ഡിസൈനിങ്ങില്‍ ക്രിയേറ്റീവ് ടീം നടത്തിയ മാറ്റമായിരുന്നെന്നുമാണ് ഐശ്വര്യയുടെ മറുപടി. പ്രസ്തുത പരസ്യം പിന്‍വലിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും ഐശ്വര്യ അറിയിച്ചിരുന്നു.
താന്‍ തനിച്ചിരിക്കുന്ന ഫോട്ടോയാണ് ചിത്രീകരിച്ചത്. അവസാന ഘട്ട ലേ ഔട്ട് ചെയ്ത ക്രിയേറ്റീവ് ടീമാണ് അതില്‍ ദളിത് കുട്ടിയെ ഉള്‍പ്പെടുത്തിയതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. മറുപടിക്കുറിപ്പിനൊപ്പം പരസ്യത്തിനുവേണ്ടിയെടുത്ത ഐശ്വര്യ തനിച്ചിരിക്കുന്ന ഫോട്ടോയും താരം പോസ്റ്റു ചെയ്തിരുന്നു.
വംശീയവിവാദം വിളിച്ചുവരുത്തിയ സമാന ഫോട്ടോഷൂട്ടുകള്‍ നല്‍കിക്കൊണ്ടായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഐശ്വര്യയ്ക്ക് തുറന്ന കത്തെഴുതിയത്. കത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍:
സംഭവം വിവാദമായതോടെ ഡൂള്‍ ന്യൂസ് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. പരസ്യം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും പരസ്യം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നതുമായും കല്ല്യാണ്‍ സ്വന്തം പോസ്റ്റിലും ഡൂള്‍ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു റിപ്ലെ ആയും പറഞ്ഞിരുന്നു.
“രാജപദവി, അതിരില്ലാത്ത സൗന്ദര്യം, ശോഭ എന്നിവ പ്രദര്‍ശിപ്പിക്കുക എന്നതാണ് ആ പരസ്യത്തിലൂടെ ഉദ്യേശിച്ചിരുന്നത്. മനപ്പൂര്‍വമല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘടനയുടെയോ വികാരത്തെ പരസ്യം വ്രണപ്പെടുത്തിയെങ്കില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ക്യാമ്പയിനില്‍ നിന്ന് ആ പരസ്യം പിന്‍വലിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.” എന്നു കല്ല്യാണ്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുകയും ചെയ്തിരുന്നു.
പരസ്യം പിന്‍വലിക്കുമെന്ന് കല്ല്യാണ്‍ ഉറപ്പുനല്‍കി ഒരാഴ്ചയോളം ആയിട്ടും പരസ്യം പിന്‍വലിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.