| Thursday, 1st August 2024, 4:18 pm

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ ജൂവലേഴ്സ് 5 കോടി രൂപ നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി എന്ന നിലയില്‍, അപ്രതീക്ഷിതമായുണ്ടായ ഈ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

വയനാട്ടില്‍ നാശം വിതയ്ക്കുകയും നിരവധി ജീവനുകള്‍ അപഹരിക്കുകയും കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരിതബാധിതര്‍ക്കൊപ്പമാണെന്നും തുടര്‍ന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകൃതിദുരന്തത്തില്‍ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. 280 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആവശ്യമുള്ളവരെ സഹായിക്കാന്‍ ഒന്നിലധികം ഏജന്‍സികള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. സമൂഹത്തിന് തിരികെ നല്‍കുന്ന ദീര്‍ഘകാല പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്സിന്റെ ഈ സംഭാവന സംസ്ഥാനത്തെ ദുരന്ത നിവാരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എളിയ ശ്രമമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് കല്യാണ്‍ ജൂവലേഴ്സ് ടീം അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി അക്ഷീണം പ്രയത്‌നിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോടും നന്ദി അറിയിക്കുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഈ പ്രയാസകരമായ കാലയളവില്‍ വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

We use cookies to give you the best possible experience. Learn more