കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് പുതിയ സി.എസ്.ആര്‍ സംരംഭമായ ക്രാഫ്റ്റിങ് ഫ്യൂച്ചേഴ്സ് ആരംഭിക്കുന്നതായി അറിയിച്ചു. ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ പറയുന്നു.
കല്യാണ്‍ ജൂവലേഴ്സിന്റെ ഹൃദയപൂര്‍വ്വം എന്ന ബ്രാന്‍ഡ് ഫിലോസഫിയുടെ ഭാഗമാണ് ക്രാഫ്റ്റിങ് ഫ്യൂച്ചേഴ്സ്. ഈ സംരംഭത്തിന് തുടക്കമിടുന്നതിനായി കല്യാണ്‍ ജൂവലേഴ്സ് മൂന്ന് കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ പ്രത്യക്ഷവും ശാശ്വതവുമായ ഫലം ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ക്രാഫ്റ്റിങ് ഫ്യൂച്ചേഴ്സ് എന്നത് ഒരു തുടര്‍ച്ചയായ ശ്രമവും ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതിയുമാണ്. ഇത് വരും വര്‍ഷങ്ങളില്‍ വികസിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും.
ആഭരണങ്ങള്‍ എന്നത് സ്വര്‍ണവും രത്‌നക്കല്ലുകളും മാത്രമല്ലെന്നും ഓരോ ആഭരണത്തിനും ജീവന്‍ നല്‍കുന്ന കരകൗശല വിദഗ്ധരുടെ ആത്മാവും കലാവൈഭവവും കൂടി അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
അവരുടെ കരകൗശല വൈദഗ്ദ്ധ്യം പരിപോഷിപ്പിക്കുകയും കൈമാറ്റംചെയ്യുകയും ചെയ്യേണ്ട സജീവമായ ഒരു പാരമ്പര്യമാണ്. ക്രാഫ്റ്റിങ് ഫ്യൂച്ചേഴ്സ് സംരംഭത്തിലൂടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യം ആധുനിക മുന്നേറ്റങ്ങള്‍ക്കൊപ്പം വികസിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. തലമുറകളായി ആഭരണ വ്യവസായത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച കരകൗശല വിദഗ്ധര്‍ക്കായുള്ള കല്യാണ്‍ ജൂവലേഴ്സിന്റെ സമര്‍പ്പണമാണ് ഈ പദ്ധതിയെന്നും അവര്‍ പറഞ്ഞു.
ഓരോ കരകൗശല വിദഗ്ധനെയും അംഗീകരിക്കുകയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ദൗത്യത്തില്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ പങ്കാളികളും ചേരുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
ക്രാഫ്റ്റിങ് ഫ്യൂച്ചേഴ്സ് ഒരു സി.എസ്.ആര്‍ പ്രോജക്റ്റ് മാത്രമല്ല. ഇത് ശാശ്വതമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമമാണ്. സാങ്കേതികവിദ്യ അവതരിപ്പിക്കുക, നൈപുണ്യ വികസന അവസരങ്ങള്‍ നല്‍കുക എന്നിവയിലൂടെ പാരമ്പര്യത്തെ പുതുമയുമായി ബന്ധിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കൂടാതെ, കരകൗശല വിദഗ്ധരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, കരകൗശല തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കല്‍ എന്നിവയെയും ഈ സംരംഭം പിന്തുണയ്ക്കുമെന്നും കല്യാണ്‍ പറഞ്ഞു.
Content Highlight: Kalyan Jewelers launched ‘Crafting Futures’ initiative