തൊടുപുഴയില്‍ നിന്നും ഇടുക്കി വഴി എത്തിച്ചേരാന്‍ സാധിക്കുന്ന ഇടമാണ് കാല്‍വരി മൗണ്ട്. 12 ഹെയര്‍പിന്‍വളവുകള്‍ താണ്ടി വേണം എത്താന്‍. ബൈക്ക് റൈഡര്‍മാര്‍ക്ക് ഇതൊരു മികച്ച അനുഭവം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വളവുകളെല്ലാം കയറിച്ചെന്നാല്‍ നാടുകാണി വ്യൂ പോയന്റ് എന്ന ബോര്‍ഡ് കാണാം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ഇവിടെ സന്ദര്‍ശന സമയം.
ഈ കവാടം കഴിഞ്ഞ് മുന്നോട്ട് പോകുന്നത് മുഴുവന്‍ കുറച്ചു കൂടി ഉള്‍പ്രദേശങ്ങളിലൂടെയാണ്. ഇടയ്ക്കിടയ്ക്ക് ചെറിയ കവലകളുണ്ട്. മുകളിലേയ്ക്ക് കയറുന്തോറും തണുത്ത കാറ്റ് വീശിത്തുടങ്ങും. അതിന്റെ കുളിര്‍മ്മയില്‍ സ്വസ്ഥമായ അന്തരീക്ഷത്തില്‍ അങ്ങനെ മുന്നോട്ട്. . . വഴിയില്‍ ചെറിയ ഹോട്ടലുകളുണ്ട് ഭക്ഷണം കഴിക്കുകയും തണുപ്പകറ്റാന്‍ ചൂടുള്ള ചായ കുടിക്കുകയും ഒക്കെയാകാം.
ആദ്യ കാഴ്ച കുളമാവ് ഡാം ആണ്. മനോഹരമായ ഡാം. സദാ പോലീസ് നിരീക്ഷണവുമുണ്ട്. 384 മീറ്റര്‍ ഉയരമുള്ളതാണ് കുളമാവ് ഡാം. ഇവിടെ നിന്നും നേരെ പോകുന്നത് പൈനാവ് ടൗണിലേയ്ക്കാണ്. ചെറുതോണി ടൗണ്‍ പൈനാവിനേക്കാള്‍ വലുതാണ്. അവിടെ നിന്നും വീണ്ടും മുന്നോട്ടു പോയാല്‍ കാല്‍വരി മൗണ്ട് എന്ന ബോര്‍ഡ് കാണാന്‍ സാധിക്കും.
ഇരുവശങ്ങളും മലകള്‍ അതിന്റെ താഴ്വരയില്‍ കൊടും വനം, നടുവിലൂടെ റിസര്‍വോയര്‍. . . നീലയും പച്ചയും ഒരുമിച്ച് ചേര്‍ന്ന് ചിത്രം വരച്ചതു പോലുള്ള സ്ഥലമാണ് കാല്‍വരി മൗണ്ട്. ഇടുക്കി ആര്‍ച്ച് ഡാം മുതല്‍ അയ്യപ്പന്‍ കോവില്‍ വരെയുള്ള ദൃശ്യങ്ങളും കാമാക്ഷി, മരിയപുരം ഗ്രാമങ്ങളും ഇവിട നിന്നും നോക്കിയാല്‍ കാണാന്‍ സാധിക്കുന്നു. രാത്രി ഇവിടെ തങ്ങി സൂര്യോദയം കാണുന്നത് വലിയ അനുഭവമായിരിക്കും. രാത്രി താമസിക്കാന്‍ പ്രത്യേക കോട്ടേജ് സൗകര്യങ്ങള്‍ ലഭ്യമാണ്. കൂടാതെ ചെറുതോണിയിലും താമസിക്കാന്‍ സ്ഥലം ലഭിക്കും.
യേശുക്രിസ്തുവിലെ ക്രൂശിക്കുന്നതിനായി യഹൂദന്മാര്‍ കൊണ്ടു പോയ മലയാണ് കാല്‍വരി മല. ആ മലയുടെ സ്മരണാര്‍ത്ഥമാണ് കേരളത്തിലെ ഈ മലയ്ക്കും ഇതേ പേര് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. 40 നോമ്പും ദുഖവെള്ളിയോടും അനുബന്ധിച്ച് ഇവിടെ പ്രദക്ഷിണ ജാഥ നടക്കാറുണ്ട്.
ഈ മലയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കണമെങ്കില്‍ ഏറ്റവും ഉയരെ കുരിശുമലയില്‍ എത്തണം. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററോളം ദൂരം മാത്രമാണ് കാല്‍വരി മൗണ്ടിലേയ്ക്കുള്ളത്.