| Monday, 30th December 2024, 5:56 pm

കലൂര്‍ സ്‌റ്റേഡിയം അപകടം; സംഘാടകര്‍ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല: കൊച്ചി പൊലീസ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് എം.എല്‍.എ ഉമാ തോമസ് അപകടത്തില്‍ പെട്ട സംഭവത്തില്‍ സംഘാടകരും ഇവന്റ് മാനേജ്‌മെന്റും മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍. സംഘാടകരെ ചോദ്യം ചെയ്യുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പരിപാടി നടത്തിപ്പിനായി സംഘാടകര്‍ അനുമതി എടുത്തിരുന്നോയെന്ന് അന്വേഷിക്കുകയാണെന്നും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ടേംസ് ആന്റ് കണ്ടീഷനായി 24 നിര്‍ദേശങ്ങള്‍ അടങ്ങിയ എഗ്രിമെന്റ് കൊടുത്തിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

എന്നാല്‍ ഈ നിര്‍ദേശങ്ങളില്‍ പല കാര്യങ്ങളും സംഘാടകര്‍ പാലിച്ചതായി കാണുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയുമായി സിനിമാതാരങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം അപകടത്തില്‍ സംഘാടകനായ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇയാളെ ജാമ്യത്തില്‍ വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തു. കൂടാതെ പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന ആരോപണവുമുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു.

നിലവില്‍ എം.എല്‍.എ എറണാകുളം റിനൈ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്.

Content Highlight: Kalur Stadium accident; The organizers did not provide adequate security: Kochi Police Commissioner

Latest Stories

We use cookies to give you the best possible experience. Learn more