കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എം.എല്‍.എ ഉമ തോമസ് അപകടത്തില്‍പെട്ട സംഭവത്തില്‍ സംഘാടകരായ മൃദംഗ വിഷന്‍ സി.ഇ.ഒയെ കസ്റ്റഡിയിലെടുത്തു. മൃദംഗ വിഷന്‍ സി.ഇ.ഒ ഷമീര്‍ അബ്ദുള്‍ റഹീമിനെയാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മൃദംഗ വിഷന്‍ സി.ഇ.ഓയുടെ പേരിലാണ് പരിപാടിയുടെ ഗിന്നസ് റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നതെന്നും പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ ഇവന്റ് മാനേജര്‍ കൃഷ്ണകുമാരിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കൂടാതെ പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന ആരോപണവുമുണ്ട്.
അതേസമയം പരിപാടി നടത്തിപ്പിനായി ക്ലിയറന്‍സെടുത്തിട്ടില്ലെന്നും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി ടേംസ് ആന്റ് കണ്ടീഷനായി 24 നിര്‍ദേശങ്ങള്‍ അടങ്ങിയ എഗ്രിമെന്റ് കൊടുത്തിരുന്നതായും എന്നാല്‍ ഈ നിര്‍ദേശങ്ങളില്‍ പല കാര്യങ്ങളും സംഘാടകര്‍ പാലിച്ചതായി കാണുന്നില്ലെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു.
നിലവില്‍ എം.എല്‍.എ എറണാകുളം റിനൈ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചത്.
Content Highlight: Kalur Stadium accident; Mridanga Vision CEO in custody