| Saturday, 13th March 2021, 2:46 pm

സഭ ഇടഞ്ഞു; രണ്ടാം തവണയും കല്‍പ്പറ്റയില്‍ സീറ്റ് നഷ്ടപ്പെട്ട് സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന് ഇടമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയില്‍ പരിഗണിച്ചിരുന്നെങ്കിലും സഭയുടെ എതിര്‍പ്പ് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സിദ്ദിഖ് മാറികൊടുത്തിരുന്നു. ആ ഘട്ടത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

കല്‍പ്പറ്റയില്‍ റോമന്‍ കാത്തോലിക് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് സീറ്റ് കൊടുക്കണമെന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും ബെന്നി ബെഹ്നാനും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ ഈ മൂന്ന് സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് തങ്ങള്‍ക്ക് വേണമെന്ന് സഭ പറഞ്ഞുവെന്നും സൂചനയുണ്ട്. അതേസമയം കല്‍പ്പറ്റയില്‍ സാമുദായിക സമവാക്യം നോക്കുകയാണെങ്കില്‍ സിദ്ദിഖിനാണ് കൂടുതല്‍ സാധ്യത.

കല്‍പ്പറ്റയില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് സിദ്ദിഖ് പറയുന്നത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട അംഗം എന്ന നിലയില്‍ സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മാറികൊടുത്ത സാഹചര്യത്തില്‍ സിദ്ദിഖിനെ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വത്തില്‍ നിന്ന് ഉയരുന്നുണ്ട്.

കെ.സി വേണുഗോപാല്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക് കല്‍പ്പറ്റ സീറ്റ് നല്‍കണമെന്നാണ് അദ്ദേഹം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചനകള്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ചയാണ് പുറത്തുവിടുക. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 മണ്ഡലങ്ങളില്‍ 81 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞുവെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kalpetta Seat denied for T Sidhdique, Reports

We use cookies to give you the best possible experience. Learn more