റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ ഇന്ത്യാ സഖ്യത്തിന്റെ സ്റ്റാര്‍ ക്യാമ്പയിനറായി ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍.
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ജയിലിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രധാന ചുമതല ഏറ്റെടുത്തിരിക്കുകയാണ് കല്‍പ്പന സോറന്‍. ജാര്‍ഖണ്ഡിലെ ജെ.എം.എമ്മിന്റെയും ഇന്ത്യാ ബ്ലോക്കിന്റെയും സ്റ്റാര്‍ ക്യാമ്പയിനര്‍ സ്ഥാനത്തേക്കാണ് കല്‍പ്പന സോറനെ പാര്‍ട്ടി കൊണ്ടുവന്നത്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് ശേഷം ഉണ്ടായ വിടവ് കല്‍പ്പന സോറനിലൂടെ നികത്തുമെന്നും അതിന് കഴിവുള്ള നേതാവാണ് കല്‍പ്പന സോറനെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഒരു ജനപ്രിയ മുഖമായി മാറാന്‍ കല്‍പ്പനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ താര പ്രചാരകയായി പാര്‍ട്ടി കല്‍പ്പന സോറനെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കല്‍പ്പന സോറന്റെ മീഡിയ സെല്‍ കൈകാര്യം ചെയ്യുന്ന തനൂജ് ഖത്രി പറഞ്ഞു. കല്‍പ്പന സോറന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം, ഇന്ത്യ സഖ്യത്തിന് വേണ്ടി പ്രചാരണം നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്‍പന സോറന്‍ ഇതിനകം തന്നെ തന്റെ മീഡിയ ടീമിന് രൂപം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഖത്രി പറഞ്ഞു.
മാര്‍ച്ച് 17 ന് നടന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’യില്‍ കല്‍പ്പനയെ ജെ.എം.എം നേതാവായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇന്ത്യ തലകുനിക്കില്ല – ഇന്ത്യ പിന്‍വാങ്ങില്ല എന്ന മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തിയത്.
ജനുവരി 31 നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിലായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. അറസ്റ്റിന് മുന്‍പേ ഇ.ഡി.ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ സോറന്‍ രാജി സമര്‍പ്പിച്ചിരുന്നു. ഗതാഗത മന്ത്രിയായിരുന്ന ചംപൈ സോറനാണ് നിലവിലെ മുഖ്യമന്ത്രി.