| Monday, 25th January 2016, 9:22 am

നടി കല്‍പ്പന അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നടി കല്‍പ്പന (51) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് കല്‍പ്പനയെ ആശുപത്രിയിലേക്കുമാറ്റുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു അവാര്‍ഡ് നിശയുമായി ബന്ധപ്പെട്ടാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്. രാവിലെ മുറിയിലെത്തിയ റൂംബോയ് ആണ് കല്‍പ്പനയെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പന ഹാസ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെയാണ് ശ്രദ്ധേയയായത്. ഹാസ്യത്തിനൊപ്പം ഗൗരവവേഷങ്ങളും കല്‍പ്പന ശ്രദ്ധേയമായി കൈകാര്യം ചെയ്തു. “ചാര്‍ലി” എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2012ല്‍ “തനിച്ചല്ല ഞാന്‍” എന്ന ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

1965 ഒക്ടോബര്‍ അഞ്ചിനാണ് കല്‍പ്പന ജനിച്ചത്. ബാലതാരമായാണ് കല്‍പ്പന സിനിമയില്‍ എത്തിയത്. നാടകപ്രവര്‍ത്തകരായ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് കല്‍പ്പന. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്.

1983ല്‍ എം.ടിയുടെ “മഞ്ഞ്” എന്ന ചിത്രത്തിലൂടെയാണ് കല്‍പ്പന സിനിമയിലെത്തിയത്. 1985ല്‍ “ചിന്ന വീട്” എന്ന ചിത്രത്തിലൂടെ തമിഴിലും കല്‍പ്പന അരങ്ങേറി.

ഏതൊരു കഥാഫാത്രത്തെയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന നടിയാണ് കല്‍പ്പനയെന്ന് സംവിധായകന്‍ സിബി മലയില്‍ അനുസ്മരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more