കല്‍പ്പനയുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ ഇന്നസെന്റ്. നിരവധി ചിത്രങ്ങളില്‍ തനിക്കൊപ്പം വേഷമിട്ട കല്‍പ്പനയുടെ നഷ്ടം തീരാദു:ഖമാണെന്നും ഇന്നസെന്റ് പറഞ്ഞു. കല്‍പ്പനയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന കാര്യം അല്‍പ്പനാള്‍ മുന്‍പാണ് അറിഞ്ഞതെന്നും ഒരിക്കല്‍ പോലും അസുഖം അലട്ടിയിരുന്നതായി അവര്‍ അറിയിച്ചില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു. ഹാസ്യത്തോടൊപ്പം തന്നെ ഗൗരവവേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള താരമായിരുന്നു. കല്‍പ്പനയുമായി അടുത്തബന്ധമുണ്ടായിരുന്നതായും ഇന്നസെന്റ് പ്രതികരിച്ചു.
കല്‍പ്പനയുടെ വിയോഗം മലയാളസിനിമയുടെ നഷ്ടമാണെന്ന് നടി കെ.പി.എ.സി ലളിത പ്രതികരിച്ചു. നടിയെന്നതിന് അപ്പുറം ഒരു സഹോദരിയായാണ് കല്‍പ്പനയെ കണ്ടത്. തന്റെ അസുഖം വിവരത്തെ കുറിച്ച് എന്നോട് അവര്‍ സൂചിപ്പിച്ചിരുന്നു. ഹൃദയത്തിന്റെ വാല്‍വിന് പ്രശ്‌നമുണ്ടെന്നും ആരെയും അറിയിച്ചിട്ടില്ലെന്നുമായിരുന്നു കല്‍പ്പന അന്ന് പറഞ്ഞത്. അപ്പോള്‍ ഞാന്‍ കല്‍പ്പനയെ കളിയാക്കുകയായിരുന്നു. എല്ലാവരേയും ചിരിപ്പിക്കുന്ന നിന്റെ ഹൃദയത്തിന് ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറയുകയും ചെയ്തു. പക്ഷേ ഇത്രപെട്ടെന്ന് കല്‍പ്പന എല്ലാവരേയും വിട്ടുപോകുമെന്ന് കരുതിയില്ല. കല്‍പ്പനയെ എങ്ങനെയാണ് അനുസ്മരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല.
ഹാസ്യത്തിനപ്പുറം ഗൗരവമായ വേഷങ്ങളും മികവുറ്റതാക്കാന്‍കഴിവുള്ള താരമായിരുന്നു കല്‍പ്പനയെന്നും കെ.പി.എ.സി ലളിത പറഞ്ഞു.
കല്‍പ്പനയുടെ വിയോഗം തനിക്ക് താങ്ങാവുന്നതിലും അധികമാണെന്നും സഹിക്കാന്‍ കഴിയാത്ത വേദനയോടെയാണ് ഈ വാര്‍ത്ത കേട്ടതെന്നും നടി കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചു. കല്‍പ്പനയ്ക്ക് 51 വയസായിരുന്നു എന്നതു തന്നെ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലായ്‌പ്പോഴും ഒരു കൊച്ചുപെണ്ണിനെ പോലെയായിരുന്നു അവരുടെ പെരുമാറ്റം. എന്നെ ഒരു അമ്മയെപ്പോലെയായിരുന്നു കണ്ടത്. എന്നെ കുറിച്ച് അടുത്ത കാലത്ത് ഒരു മാഗസിനിലൊക്കെ വളരെ നന്നായി എഴുതിയത് കണ്ടു. പക്ഷേ കല്‍പ്പനയെ വിളിക്കാനോ സംസാരിക്കാനോ എനിക്ക് സാധിച്ചില്ല. കൂടുതല്‍ ഒന്നും കല്‍പ്പനയെ കുറിച്ച് ഈ അവസരത്തില്‍ പറയാന്‍ സാധിക്കുന്നില്ല. കല്‍പ്പനയുടെ അഭിനയത്തെ കുറിച്ച് കൂടുതലായൊന്നും താന്‍ പറയേണ്ടതില്ലെന്നും പകരംവെയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു കല്‍പ്പനയുടേയതെന്നും കവിയൂര്‍പൊന്നമ്മ പറഞ്ഞു.
കല്‍പ്പനയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ ജഗദീഷ് പ്രതികരിച്ചു. ഏതു കാര്യത്തിലും ഉറച്ചനിലപാടുള്ള വ്യക്തിയായിരുന്നു കല്‍പ്പന. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നുപറയാന്‍ അവര്‍ ധൈര്യം കാണിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് സന്തോഷം പകര്‍ന്നു നല്‍കുന്ന രീതിയിലായിരുന്നു അവരുടെ സമീപനം. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ വലിയൊരു സുഹൃദ് വലയവും അവര്‍ക്കുണ്ടായിരുന്നു. സ്വന്തം പ്രശ്‌നങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. അസുഖത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ അതില്‍ നിന്നും വിഷയം മാറ്റുകയായിരുന്നു അവര്‍ ചെയ്യാറ്. ഏത് വിഷയത്തിലും അറിവും പാണ്ഡിത്യവും ഉള്ള നടിയായിരുന്നു കല്‍പ്പന. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ സ്വന്തം ശബ്ദത്തില്‍ തന്നെയായിരുന്നു അവര്‍ ഡബ് ചെയ്തിരുന്നത്. ഏത് ഭാഷയും അനായാസമായി അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. കല്‍പ്പനയുടെ വിയോഗം മലയാളസിനിമയുടെ തന്നെ നഷ്ടമാണ്. ഒരു സുഹൃത് എന്നതിലുപരി ഒരു സഹോദരിയായിട്ടാണ് കല്‍പ്പനയെ കണ്ടിട്ടുള്ളതെന്നും ജഗദീഷ് പ്രതികരിച്ചു.
കല്‍പ്പനയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി ചാര്‍ളി സിനിമയുടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ പ്രതികരിച്ചു. ചാര്‍ളിയിലെ വേഷം കല്‍പ്പന അതിമനോഹരമാക്കിയെന്നും ചെറിയ കഥാപാത്രമായതുകൊണ്ട് തന്നെ അവരെ ഇതിനായി വിളിക്കാന്‍ അല്പം മടിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ ഉടന്‍ തന്നെ ഈ വേഷം ഞാന്‍ തന്നെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു. സന്തോഷത്തോടെ വന്ന് അഭിനയിച്ചു. ആ കഥാപാത്രത്തെ അവര്‍ മനോഹരമാക്കുകയും ചെയ്തിരുന്നെന്നും ഉണ്ണി പ്രതികരിച്ചു.
കല്‍പ്പനയുമായി സുഹൃത്ബന്ധം മാത്രമല്ല ഒരു സഹോദരി കൂടിയായിരുന്നു അവരെന്ന് നടന്‍ മണിയന്‍പിള്ള രാജു പ്രതികരിച്ചു. കല്‍പ്പന ചെയ്ത വേഷങ്ങള്‍ ചെയ്യാന്‍ മലയാള സിനിമയില്‍ മറ്റാരുമില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
കല്‍പ്പന അതുല്യപ്രതിഭയായിരുന്നെന്നും പകരം വെക്കാന്‍ പറ്റാത്ത താരമായിരുന്നെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. അവരുമായി ഇതുവരെ ഒരു സിനിമയില്‍ സഹകരിക്കാന്‍ സാധിച്ചില്ലെന്നത് വളരെ വിഷമത്തോടെയാണ് കാണുന്നതെന്നും കല്‍പനയുടെ ആത്മാവിന് നിത്യശാന്തിനേരുന്നതായും അദ്ദേഹം പറഞ്ഞു.
ഏതുതരത്തിലുള്ള വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടിയായിരുന്നു കല്‍പ്പനയെന്ന് സംവിധായകന്‍ സിബി മലയില്‍ പ്രതികരിച്ചു. മരണവാര്‍ത്ത തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും മലയാളസിനിമയുടെ നഷ്ടമാണ് കല്‍പ്പനയുടെ വിയോഗമെന്നും സിബി മലയില്‍ പ്രതികരിച്ചു.