കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തിന് ശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്ന് ഉമ തോമസ് എം.എല്‍.എ. വിളിക്കാന്‍ പോലും നടി തയ്യാറായില്ലെന്നും മഞ്ജു വാര്യര്‍ തന്നെ കണ്ട് പോയതിന് ശേഷമാണ് ദിവ്യ ഉണ്ണി വിളിച്ചതെന്നും ഉമ തോമസ് പറഞ്ഞു.
ഖേദപ്രകടനം പോലും നടത്തിയില്ലെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവര്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു. മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു ഉമ തോമസ്.
ദിവ്യ ഉണ്ണി വിളിച്ചരുന്നുവെന്നും മഞ്ജു വാര്യരോട് താന്‍ വിഷമം പറഞ്ഞതിന് ശേഷമുള്ള ഒരു ഞായറാഴ്ച തന്നെ വിളിക്കുകയായിരുന്നു. ദിവ്യ തന്നെയാണോ എന്ന് താന്‍ ചോദിച്ചെന്നും കളിയാക്കി തന്നെയാണ് അങ്ങനെ ചോദിച്ചതെന്നും ഉമ തോമസ് പറഞ്ഞു.
‘കാരണം നടി ചെയ്തത് തെറ്റായി പോയി. ഇപ്പോഴല്ല പ്രതികരിക്കേണ്ടിയിരുന്നത് എന്ന് തന്നെയാണ് താന്‍ വിചാരിച്ചത്. ദിവ്യയെ പോലെ പ്രശസ്തരായ വ്യക്തികള്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പാടില്ല. നമ്മളെ പോലെയുള്ളവര്‍ക്ക് ചില ചുമതലകളുണ്ട്. നമ്മളൊക്കെ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ്. ഇതിന് മുന്നേ തന്നെ പ്രീപോണ്‍ ചെയ്ത് യാത്ര നടത്തിയപ്പോള്‍ ദിവ്യ ഇങ്ങനൊരു വീഴ്ച സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്ന് പറയണമായിരുന്നു,’ഉമ തോമസ് പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജ് നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ഉമ തോമസ് പറഞ്ഞു. കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നത് പോലെയാണ് പരിപാടിക്ക് സ്റ്റേജുണ്ടാക്കിയതെന്നും ജി.സി.ഡി.എക്കും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തെറ്റാണെന്നും എം.എല്‍.എ പ്രതികരിച്ചു.
29.12.2024നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എം.എല്‍.എ 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. സംഘാടനത്തിലെ പിഴവായിരുന്നു അപകടത്തിന് കാരണമായതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.
താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗാലറിയുടെ കൈവരി ഒരുക്കിയത് ബലമില്ലാത്ത ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സൗകര്യമൊരുക്കിയത്. അവിടെ നിന്നായിരുന്നു എം.എല്‍.എ വീണത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കൂടാതെ പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Content Highlight: Kaloor Stadium accident; Divya Unni did not show responsibility, called Manju Warrier after seeing her: Uma Thomas