മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നിസ്. 1979 ല്‍ അനുഭവങ്ങളേ നന്ദി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. തിരക്കഥ, കഥ, സംഭാഷണം എന്നിവയുള്‍പ്പെടെ നൂറിലധികം മലയാള സിനിമകളില്‍ കലൂര്‍ ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചക്കരയുമ്മ എന്ന സിനിമയില്‍ ബേബി ശാലിനി അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് കലൂര്‍ ഡെന്നീസ്. ചിത്രത്തില്‍ നാല് വയസുള്ള പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രമെന്നും എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയിലെ ബേബി ശാലിനിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് ചക്കരയുമ്മയിലേക്കും ബേബി ശാലിനിയെ വിളിച്ചെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
ബേബി ശാലിനി ഒരു തരംഗമായി മാറിയിരുന്ന സമയമായത് കൊണ്ട് ആ കുട്ടിയെ കാണാനായി കൂടിയ ജനത്തിന്റെ തിരക്കുകൊണ്ട് എന്റെ വീടിന്റെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞുവീഴുകയുണ്ടായി- കലൂര്‍ ഡെന്നീസ്
ബേബി ശാലിനി തരംഗമായി മാറിയിരുന്ന സമയമായിരുന്നു അതെന്നും ആ കുട്ടിയെ കാണാനായി കൂടിയ ജനത്തിന്റെ തിരക്കുകൊണ്ട് തന്റെ വീടിന്റെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞ് വീണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒന്നര മാസംകൊണ്ട് ചക്കരയുമ്മയുടെ തിരക്കഥ എഴുതിത്തീര്‍ന്നു. ഈ കഥയിലെ പ്രധാന കഥാപാത്രം നാല് വയസുള്ള ഒരു കൊച്ചു പെണ്‍കുട്ടിയാണ്. വളരെ സ്മാര്‍ട്ടും ക്യൂട്ടുമായുള്ള ഒരു ബാലതാരം തന്നെ അഭിനയിച്ചില്ലെങ്കില്‍ ഈ സിനിമ നന്നാകില്ലെന്ന് ഞങ്ങള്‍ എല്ലാവര്‍ക്കുമറിയാം.
ആ സമയത്താണ് ഫാസിലിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യില്‍ അഭിനയിക്കുന്ന ബേബി ശാലിനിയെ കുറിച്ച് കേട്ടത്. അപ്പച്ചനും ഭാര്യയും കോര സാറും കൂടി പോയാണ് ആദ്യം കുട്ടിയെ കണ്ടത്. അവളുടെ അഭിനയം അവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പച്ചന്‍ എന്നെ വിളിച്ച് ഉടനെ വിവരം പറഞ്ഞു.
അപ്പച്ചന്‍ ആലപ്പുഴയില്‍ നിന്നുവന്നപ്പോള്‍ ആ കുട്ടിയുടെ ഒരു സ്റ്റില്ലും കൊണ്ടുവന്ന് കാണിക്കുകയും ഒട്ടും വൈകാതെ തന്നെ ബേബി ശാലിനിയെ ബുക്ക് ചെയ്യുകയും ചെയ്തു. മധു, മമ്മൂട്ടി, താജന്‍ കിരണ്‍, സോമന്‍, ശ്രീവിദ്യ, ജഗതീശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
‘എന്റെ മാമാട്ടിക്കുട്ടിയമ്മ’ റിലീസ് കഴിഞ്ഞ് ഉടനെ തന്നെയായിരുന്നു ചക്കരയുമ്മയുടെ ഷൂട്ടിങ്.
എന്റെ കലൂരുള്ള വീട്ടിലും നാലഞ്ച് ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു. ബേബി ശാലിനി ഒരു തരംഗമായി മാറിയിരുന്ന സമയമായത് കൊണ്ട് ആ കുട്ടിയെ കാണാനായി കൂടിയ ജനത്തിന്റെ തിരക്കുകൊണ്ട് എന്റെ വീടിന്റെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞുവീഴുകയുണ്ടായി,’ കലൂര്‍ ഡെന്നീസ് പറയുന്നു.
Content highlight: Kaloor Dennis talks about Baby Shalini