വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമത്തില്‍ എഴുതിയ ആത്മകഥാ പരമ്പരയില്‍ കലൂര്‍ ഡെന്നീസ്. സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപിയുമായി ഷൂട്ടിങ്ങിനിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി കലൂര്‍ ഡെന്നീസ് തുറന്നുപറയുന്നു.
സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
‘സുരേഷ് ഗോപിയുടെ കഥാപാത്രം മുഖ്യമന്ത്രിയെ വെടിവെച്ച് ഓടി രക്ഷപ്പെടുകയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സീനാണ് റീഷൂട്ട് വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അത് റീഷൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഞാന്‍ സുരേഷിനടുത്ത് ചെന്ന് ചോദിച്ചു. ഭരതനും ജോഷിയും സിബി മലയിലുമൊക്കെ റീഷൂട്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ നീ ചെയ്യില്ലേ, എന്റെ ചോദ്യത്തില്‍ സുരേഷിന് ഉത്തരം മുട്ടി. വ്യക്തമായൊരു മറുപടി പറയാനാകാതെ പുച്ഛത്തോടെ എന്നെ ഒന്നു നോക്കിയിട്ട് ഓ ഞാന്‍ ചെയ്‌തോളാമേ എന്ന് പറഞ്ഞ് ആ സീനെടുക്കാനായി മുന്നോട്ട് നടക്കുന്നതിനിടയില്‍ സ്വയമെന്നോണം ഈ പടം പൊളിഞ്ഞുപോകുമെന്ന വ്യംഗ്യാര്‍ത്ഥത്തില്‍ ഉപയോഗിച്ച വാക്കുകള്‍ നിര്‍മാതാവും സംവിധായകനും കേട്ടു. ഞാന്‍ വല്ലാതെ ഷോക്കായിപ്പോയി,’ കലൂര്‍ ഡെന്നീസ് പറയുന്നു.
സുരേഷ് ഗോപി പറഞ്ഞത് തനിക്കൊട്ടും ഇഷ്ടപ്പെട്ടില്ലെന്നും താന്‍ ഒരുപാട് ചീത്ത വിളിച്ചെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു. ഈയൊരു സംഭവം അക്കാലത്ത് ഇന്‍ഡസ്ട്രിയില്‍ത്തന്നെ വലിയ ചര്‍ച്ചയായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് ആത്മകഥാ പരമ്പരയില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക