വെല്‍ക്കം ടു കൊടൈക്കനാല്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് കലൂര്‍ ഡെന്നീസ്. പി.അനില്‍, ബാബുനാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനവും ഹമീദ് നിര്‍മാണവും നിര്‍വഹിച്ച ചിത്രമാണ് വെല്‍ക്കം ടു കൊടൈക്കനാല്‍. കലൂര്‍ ഡെന്നീസ് ആയിരുന്നു തിരക്കഥ.
സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമ്പോള്‍ നിര്‍മാതാവായ ഹമീദിന്റെ കൈയില്‍ 250 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
കൊടൈക്കനാലില്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന്റെ തലേദിവസം നടന്‍ സിദ്ദീഖിനെ വീട്ടില്‍ നിന്ന് കൂട്ടി ഹമീദ് കൊടൈക്കനാലിലേക്ക് കാറില്‍ വരുകയായിരുന്നു. രാത്രി പത്തുമണിയോടെ പൊള്ളാച്ചിയിലെത്തിയ അവര്‍ ഭക്ഷണം കഴിക്കാന്‍ കൊള്ളാവുന്ന ഒരു ഹോട്ടലില്‍ കയറി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ 350 രൂപയുടെ ബില്ലായി.
അത് കണ്ട് ഹമീദ് ഞെട്ടി. ചെറിയൊരു ചമ്മലോടെ ഹമീദ് സിദ്ദീഖിനോട് പറഞ്ഞു, സിദ്ദീ ഈ ബില്ലൊന്ന് കൊടുക്കാമോ എന്ന്. ഹമീദ് പഴ്‌സ് തുറന്ന് സിദ്ദീഖിന് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു എന്റെ കൈയില്‍ 250 രൂപ മാത്രമേ ഉള്ളൂവെന്ന്. അപ്പോള്‍ ചിരിച്ച് കളിയാക്കിക്കൊണ്ട് സിദ്ദീഖ് ചോദിച്ചു. അപ്പോള്‍ 250 രൂപയും കൊണ്ടാണോ സിനിമ എടുക്കാന്‍ പോവുന്നതെന്ന്. അത് ഗിന്നസ് ബുക്കില്‍ കൊടുക്കേണ്ടതാണെന്നും സിദ്ദീഖ് പറഞ്ഞു. കലൂര്‍ ഡെന്നീസ് പറയുന്നു.
പിറ്റേന്ന് രാവിലെ കൊടൈക്കനാലിലെത്തി ഷൂട്ടിങ്ങ് തുടങ്ങിയിട്ടും ഹമീദ് പ്രതീക്ഷിച്ച പണം കിട്ടിയില്ലെന്നും എന്നാല്‍ നടീനടന്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സഹകരണം കൊണ്ട് 250 രൂപ കൊണ്ട് ഷൂട്ടിങ്ങ് മൂന്നു ദിവസം നടന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക