രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്തെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. ഇന്നത്തെ പ്രോഗ്രാം എന്ന ചിത്രത്തിന്റെ അവസാന പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് രാജീവ് ഗാന്ധി വധമുണ്ടായതെന്ന് കലൂര്‍ ഡെന്നീസ് ഓര്‍ക്കുന്നു. മാധ്യമത്തിലാണ് കലൂര്‍ ഡെന്നീസ് അനുഭവം തുറന്നുപറയുന്നത്.
റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം പ്രൊജക്ടറില്‍ ഇട്ട് കണ്ട ശേഷം താനും സംവിധായകന്‍ ജോഷിയും മദ്രാസിലെ മൗണ്ട്‌റോഡിലുള്ള ബുഹാരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നെന്നും അവിടെ വെച്ചാണ് സംഭവം അറിയുന്നതെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.
‘ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് പെട്ടെന്ന് ഒച്ചയും ബഹളവുമൊക്കെ കേള്‍ക്കാന്‍ തുടങ്ങി. എന്താണ് പ്രശ്‌നമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഹോട്ടല്‍ ജീവനക്കാര്‍ തലങ്ങും വിലങ്ങുമൊക്കെ ഓടുന്നുണ്ട്. അപ്പോള്‍ വെയ്റ്റര്‍ ഓടിവന്ന് ഞങ്ങളോട് ഭക്ഷണം കഴിക്കല്‍ നിര്‍ത്തി പുറത്തുപോകണമെന്നും പെരുംപുത്തൂരില്‍വെച്ച് രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.
പെട്ടെന്ന് കേട്ടപ്പോള്‍ തങ്ങള്‍ക്ക് വിശ്വസിക്കാനായില്ലെന്നും ഉടന്‍തന്നെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി താമസസ്ഥലത്തേക്ക് പോയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘രണ്ടു ദിവസം മദ്രാസില്‍ ഹര്‍ത്താലായതുകൊണ്ട് പുറംലോകം കാണാതെ മുറിയില്‍ത്തന്നെ ഇരുന്നു. പുറത്തിറങ്ങാനേ കഴിഞ്ഞിരുന്നില്ല,’കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക