മമ്മൂട്ടിയുമായുള്ള ആ അകല്‍ച്ചയാണ് ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കിയത്; കലൂര്‍ ഡെന്നീസ് പറയുന്നു
Entertainment
മമ്മൂട്ടിയുമായുള്ള ആ അകല്‍ച്ചയാണ് ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കിയത്; കലൂര്‍ ഡെന്നീസ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th February 2021, 5:23 pm

നടന്‍മാരായ ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കി സിനിമയെടുത്ത സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ്. മാധ്യമം വാരികയിലെഴുതിയ പംക്തിയിലാണ് കലൂര്‍ ഡെന്നീസ് അനുഭവങ്ങള്‍ തുറന്നുപറയുന്നത്.

മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സമയത്താണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകന്‍മാരാക്കാന്‍ ആലോചിച്ചതെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.

മമ്മൂട്ടിയുമായുള്ള അകല്‍ച്ചക്കുശേഷം രണ്ടാംനിര നടന്മാരെ വെച്ച് ലോ ബജറ്റ് സിനിമ എടുത്ത് വിജയിപ്പിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയുമൊക്കെ സിനിമകളിലെ കൂട്ടാളി കഥാപാത്രങ്ങളായി നടന്നിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകന്‍മാരാക്കാന്‍ വേണ്ടി എനിക്ക് ഒത്തിരി പണിപ്പെടേണ്ടി വന്നിട്ടുണ്ട്. 1990 മുതല്‍ 98 വരെ മലയാള സിനിമയില്‍ കച്ചവടമൂല്യവര്‍ധനയുണ്ടാക്കിയ ഒരു പിടി ലോബജറ്റ് ചിത്രങ്ങള്‍ എന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങളായിരുന്നു.

തൂവല്‍സ്പര്‍ശം, മിമിക്‌സ് പരേഡ്, സണ്‍ഡേ 7 പി.എം, ഗജകേസരി യോഗം, കാസര്‍കോട് കാദര്‍ ഭായ് തുടങ്ങി നാല്‍പ്പത്തഞ്ചോളം സിനിമകള്‍ എന്റേതായി ഈ വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇവയില്‍ രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം വിജയങ്ങളായിരുന്നു. ഇതില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ ജഗദീഷായിരുന്നു നായകന്‍. പതിനഞ്ച് ചിത്രങ്ങളില്‍ സിദ്ദീഖും നായകനായി. കലൂര്‍ ഡെന്നീസ് പറയുന്നു.

കുറഞ്ഞ ചിലവില്‍ സിനിമ എടുത്തു തുടങ്ങിയതിലും അതില്‍ മിക്കതും വിജയമായി മാറിയതിലും വലിയ സന്തോഷമുണ്ടെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

നേരത്തേ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ബന്ധപ്പെട്ട മറ്റൊരു അനുഭവവും കലൂര്‍ ഡെന്നീസ് പങ്കുവെച്ചിരുന്നു.

മോഹന്‍ലാലുമൊത്ത് എന്തുകൊണ്ടാണ് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

മോഹന്‍ലാലിനുവേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂവെന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

അക്കാലത്ത് പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായതുകൊണ്ടാണ് ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്.’ കലൂര്‍ ഡെന്നീസ് പറഞ്ഞിരുന്നു.

മമ്മൂട്ടിയ്ക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kaloor Dennis shares experience about Mammootty Jagadish and Siddique