കൊച്ചി: ‘ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്’, എന്ന സിനിമയുമായി ബന്ധപ്പെട്ട അനുഭവം തുറന്നുപറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. മാധ്യമത്തില്‍ എഴുതുന്ന ആത്മകഥയിലാണ് കലൂര്‍ ഡെന്നീസ് അനുഭവം പറയുന്നത്.
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന സിനിമക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നുവെന്നും എന്നാല്‍ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ആ ചിത്രം ഇടംപിടിച്ചില്ലെന്നും ഡെന്നീസ് പറയുന്നു. സിനിമ ചിത്രീകരിക്കുന്ന വേളയില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും നന്നായി സഹകരിച്ചിരുന്നുവെന്നും നാലഞ്ച് സീനുകളൊഴിച്ച് ബാക്കിയുള്ളതെല്ലാം തീരുമാനിച്ച ദിവസത്തിനുള്ളില്‍ തന്നെ തീര്‍ക്കാന്‍ സംവിധായകന്‍ കമലിന് കഴിഞ്ഞുവെന്നും ഡെന്നീസ് പറഞ്ഞു.
കാക്കനാടന്റെ കഥ ജോണ്‍പോള്‍ പറഞ്ഞുകേട്ടാണ് തിരക്കഥ എഴുതാന്‍ ഇരുന്നതെന്നും എന്നാല്‍ തിരക്കഥ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പല ആംഗിളുകളും മാറ്റിപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഡ്യൂസര്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് ഈ കഥ ഒന്ന് മാറ്റിപിടിച്ചാലോ എന്ന് കമല്‍ ചോദിച്ചു. എന്നാല്‍ കാക്കനാടനെപോലെ വലിയൊരു എഴുത്തുകാരന്റെ നോവല്‍ വാങ്ങിയിട്ട് അത് വേണ്ടെന്ന് വെക്കുന്നത് മോശമല്ലേ എന്ന് ഞാന്‍ പറഞ്ഞു. പല പോംവഴിക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അവസാനം ഗത്യന്തരമില്ലാതെ ഈ കഥ തന്നെ എടുക്കാമെന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള എലൈറ്റ് ഹോട്ടലിലാണ് ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍സിനുമൊക്ക താമസസൗകര്യം ഒരുക്കിയിരുന്നത്. ജയാറാമും സുരേഷ് ഗോപിയും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഞങ്ങളോട് വളരെ നന്നായി സഹകരിച്ചു’, കലൂര്‍ ഡെന്നീസ് പറയുന്നു.
ഒടുക്കം പടം വിജയിച്ചില്ലെന്ന് മാത്രമല്ല തങ്ങള്‍ രണ്ടു ലക്ഷം രൂപയുടെ കടക്കാരായി മാറിയെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക