ജയരാജ് സംവിധാനം ചെയ്ത കുടുംബസമേതം എന്ന ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മാധ്യമം മാഗസിനില്‍. തന്റെ തിരക്കഥയില്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രം ക്ലാസിക് ചിത്രമായിരുന്നെന്നും എന്നാല്‍ തിയേറ്ററില്‍ ആളെ കയറ്റാന്‍ തങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘എറണാകുളത്ത് മേനക തിയേറ്ററിലാണ് കുടുംബസമേതം റിലീസ് ചെയ്തത്. ഞാന്‍ നൂണ്‍ ഷോക്ക് തന്നെ പോയി. കൂടെ എവര്‍ഷൈന്‍ മണിയും ഉണ്ടായിരുന്നു. തിയേറ്ററിനകത്ത് വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. അതു കണ്ടപ്പോള്‍ എനിക്ക് ടെന്‍
ഷനായി. എന്റെ ഒരു സിനിമക്കും ഇത്രക്ക് ആള് കുറഞ്ഞ് കണ്ടിട്ടില്ലായിരുന്നു’, കലൂര്‍ ഡെന്നീസ് പറയുന്നു.
പടം വിജയിക്കണമെങ്കില്‍ നന്നായി പരസ്യം ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നും എങ്ങനെയൊക്കെ പരസ്യം ചെയ്താലാണ് തിയേറ്ററില്‍ ആളെ കയറ്റാനാവുക എന്ന് ഇരുന്ന് ആലോചിച്ചുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘അവസാനം ഞാനൊരു നിര്‍ദേശം പറഞ്ഞു. കേരളത്തിലെ പ്രഗല്ഭരായ വ്യക്തികളെ കൊണ്ടുവന്ന് പടം കാണിച്ച് അവരുടെ അഭിപ്രായങ്ങള്‍ എഴുതി മനോരമയിലും മാതൃഭൂമിയിലും പരസ്യം ചെയ്യുക. എന്നാല്‍ ആഴ്ചയില്‍ ഒരു പരസ്യം മാത്രമേ കൊടുക്കാന്‍ പാടൂ എന്ന് നിയമമുണ്ട്. അത് ലംഘിച്ചാല്‍ ഇരുപത്തയ്യായിരം രൂപ പിഴയടക്കേണ്ടി വരും. ഇരുപത്തയ്യായിരം പോണെങ്കില്‍ പോട്ടെ പരസ്യം കൊടുക്കാം എന്നു തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ ഫലം കണ്ടു’, കലൂര്‍ ഡെന്നീസ് പറഞ്ഞു.
പിന്നീട് തിയേറ്ററില്‍ ആളുകള്‍ കയറിത്തുടങ്ങിയെന്നും പടം വിജയിച്ചുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.