കര്‍പ്പൂരദീപ എന്ന ചിത്രം സുരേഷ് ഗോപി കാരണം മുടങ്ങിപ്പോയ അനുഭവം തുറന്നുപറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. മാധ്യമത്തില്‍ എഴുതുന്ന തന്റെ ആത്മകഥാ പരമ്പരയിലാണ് കലൂര്‍ ഡെന്നീസ് മനസ്സുതുറന്നത്.
കര്‍പ്പൂരദീപത്തിന്റെ സെറ്റില്‍ എത്തിയ സുരേഷ് ഗോപി തിരക്കഥയിലെ 46ാമത്തെ സീന്‍ ചോദിച്ചു വാങ്ങി വായിച്ചുവെന്നും നായികയായ ഉര്‍വശിക്ക് പ്രാധാന്യം കൂടുതലുള്ള സീനുകളുണ്ടെന്ന് അറിഞ്ഞപ്പോള്‍ തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.
‘സെറ്റില്‍ എത്തിയ സുരേഷ് സംവിധായകനായ ജോര്‍ജ് കിത്തുവിനോട് ആദ്യം ആവശ്യപ്പെട്ടത് സ്‌ക്രിപ്റ്റ് വായിക്കണമെന്നില്ല. അതിലെ 46ാമത്തെ സീന്‍ കൊണ്ടുവരാനാണ്. ആ സീന്‍ മാത്രം വായിക്കണമെന്ന് സുരേഷ് പറയുന്നതില്‍ എന്തോ ദുരൂഹത ഉണ്ടെന്ന് കിത്തുവിന് തോന്നി. കിത്തു ആ സീന്‍ വായിക്കാന്‍ കൊടുത്തു.
ഉര്‍വശിയുടെ കഥാപാത്രം കളം നിറഞ്ഞാടുന്ന സീനായിരുന്നു അത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറയുന്നതെന്ന് കിത്തു എന്നെ വിളിച്ച് പറഞ്ഞു.
അങ്ങനെയൊന്നും മാറ്റിയെഴുതാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. പിന്നെ പുരുഷമോധാവിത്വമുള്ള സിനിമയാക്കണമെന്ന് പറഞ്ഞതിന്റെ സാംഗത്യം ഞങ്ങള്‍ക്കും മനസ്സിലായില്ല,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.
തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയെന്നും അങ്ങനെ കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണുവെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.
മറ്റൊരിക്കല്‍ വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്നും പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kaloor dennis shares bad experience with sureshgopi