| Monday, 25th January 2021, 4:56 pm

ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലരും ചോദിക്കും, കാരണമുണ്ട്; കലൂര്‍ ഡെന്നീസ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമത്തിലൂടെ കലൂര്‍ ഡെന്നീസ്. മോഹന്‍ലാലുമൊത്ത് എന്തുകൊണ്ടാണ് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

മോഹന്‍ലാലിനുവേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂവെന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

‘ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോണ്‍പോളിന്റേതാണ്. ഞാന്‍ മോഹന്‍ലാലിനുവേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയം നേടിയത് ജനുവരി ഒരു ഓര്‍മയാണ് എന്ന സിനിമയാണ്.

അക്കാലത്ത് പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായതുകൊണ്ടാണ് ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്.’ കലൂര്‍ ഡെന്നീസ് പറയുന്നു.

മമ്മൂട്ടിയ്ക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.

മോഹന്‍ലാല്‍ മികച്ച ഒരു നടനാണെന്നും ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kaloor Dennis says about relation with Mammootty and Mohanlal

We use cookies to give you the best possible experience. Learn more