കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. തടിയന്റവിട നസീര്‍, താജുദ്ദീന്‍, സാബിര്‍ എന്നിവരാണ് കുറ്റക്കാര്‍. എന്‍.ഐ.എ കോടതി തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും.
കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ തങ്ങള്‍ കുറ്റക്കാരാണെന്ന് മൂവരും കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി വിധിച്ചത്.
പല കേസുകളിലായി വര്‍ഷങ്ങളായി ജയിലില്‍ കിടക്കുകയാണ് തടിയന്റവിട നസീര്‍ അടക്കമുള്ള മൂന്ന് പ്രതികളും. ഈ കേസുകളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്നാണ് വിവരം.
മജീദ് പറമ്പായി, അബ്ദുള്‍ ഹാലിം, മുഹമ്മദ് നവാസ്, നാസര്‍, ഉമ്മര്‍ ഫാറൂഖ്, സൂഫിയ മഅദനി തുടങ്ങിയവരാണ് കേസില്‍ വിചാരണ നേരിടുന്ന മറ്റു പ്രതികള്‍. മഅദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. രാജ്യദ്രോഹകുറ്റമാണ് സൂഫിയക്കെതിരേയും തടിയന്റവിട നസീറിന്റേയും ചുമത്തിയിരുന്നത്.
2005 സെപ്തംബര്‍ 9നാണ് എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പുറപ്പെടുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചതാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
ബസ് ഡ്രൈവറുടെയടക്കം എട്ട് പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്ത് 2010 ഡിസംബറിലാണ് എന്‍.ഐ.എ. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 2019 ലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.