| Sunday, 6th February 2022, 1:49 pm

ഹൃദയത്തിന് ഒരു ടീസര്‍ ആയിക്കോട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്; മരക്കാറിലെത്തിയതിനെ പറ്റി കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഹൃദയം’ പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാറി’ലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോഴെ കല്യാണി-പ്രണവ് കോമ്പോ ചര്‍ച്ചയായിരിന്നു. സിനിമയില്‍ വളരെ കുറച്ച് സമയമേ കല്യാണിയും പ്രണവും ഒന്നിച്ചഭിനയിച്ചുള്ളുവെങ്കിലും അത് പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.

അതിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ഹൃദയവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവും കല്യാണിയും ഒന്നിച്ചഭിനയിച്ച ‘പൊട്ടു തൊട്ട പൗര്‍ണമി’ എന്ന പാട്ട് ഒറ്റ ദിവസം കൊണ്ടാണ് ഒരു മില്യണ്‍ വ്യൂവിലെത്തിയത്.

മരക്കാറിലേക്ക് താന്‍ വന്നതിനെ പറ്റി പറയുകയാണ് കല്യാണി. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ ചാനലിലെ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൃദയത്തിലെ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ മികച്ചതായിരുന്നുവെന്നും ഇനിയും ഒരുപാട് സിനിമകള്‍ ഒന്നിച്ചുണ്ടാകട്ടെ എന്നാണ് രേഖ പറഞ്ഞത്. തുടര്‍ന്ന് പ്രിയദര്‍ശന്‍ സാറിനോട് തനിക്ക് പരിഭവമുണ്ടായിരുന്നു എന്നും മരക്കാറില്‍ കുറച്ച് രംഗങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ എന്നും രേഖ കൂട്ടിച്ചേര്‍ത്തു.

ഇതിന് മറുപടിയായി ‘ഹൃദയത്തിന് ഒരു ടീസറായിക്കോട്ടെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്,’ എന്നാണ് ഒരു ചിരിയോടെ കല്യാണി പറഞ്ഞത്.

കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രണവും കല്യാണിയും ഒന്നിച്ചഭിനയിച്ച കണ്ണിലെന്റെ കണ്ണെറിഞ്ഞു എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഏതാനും രംഗങ്ങളിലും ഒരു പാട്ടിലും മാത്രമേ കല്യാണി ഉണ്ടായിരുന്നുള്ളൂ.

2017 ല്‍ ‘ഹലോ’ എന്ന തെലുഗു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നിരവധി തെലുഗു തമിഴ് ചിത്രങ്ങളില്‍ നായികയായിരുന്നു. 2020 ല്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരേ മാസം തന്നെ പുറത്തിറങ്ങിയ ഹൃദയവും ബ്രോ ഡാഡിയും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.


Content Highlight: kallyani priyadarshan reveals that how she became a part of marakkar

We use cookies to give you the best possible experience. Learn more