| Monday, 14th January 2019, 7:45 pm

അയ്യപ്പന്‍ മാത്രമല്ല, ബ്രാഹ്മണ്യം തട്ടിപ്പറിച്ച ഗോത്ര ദൈവങ്ങള്‍ വേറേയുമുണ്ട്; മലനടകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട കുറവര്‍ സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

ബ്രാഹ്മണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനത്തിന് എല്ലാ കാലത്തും വിലങ്ങുതടിയായി നില്‍ക്കുന്നത് ആദിവാസി-ദളിത് ജനതയുടെ ഗോത്ര സംസ്‌ക്കാരവും ജീവിത രീതികളുമാണ്. നിലവില്‍ ഇവരുടെ പരമ്പരാഗത ആരാധനാലയങ്ങള്‍ പൂര്‍ണമായും ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു. ശബരിമല, കരിന്തണ്ടന്‍, വള്ളിയൂര്‍ക്കാവ്, പൊന്‍കുഴി, മല്ലേശ്വര മുടി എന്നിവ ചില ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ബ്രാഹ്മണ്യ വല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ ആരാധനാലയമായ മലനട തിരിച്ചു പിടിക്കാനുള്ള സമരവഴികളിലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ കല്ലുമണ്‍ മലനട.

കുറവര്‍ സമുദായത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് മലനടകള്‍. പ്രകൃതിയേയും പൂര്‍വികരായ അപ്പൂപ്പനേയും അമ്മൂമ്മയേയും ചാവര് കാവുകളേയുമാണ് കുറവര്‍ ആരാധിക്കുന്നത്. കുന്നത്തൂര്‍ കല്ലുമണ്‍ മലനട കഴിഞ്ഞ 40 വര്‍ഷമായി നായന്മാരുടെ അധീനതയിലാണ്. മലനടയിലെ സമ്പത്തില്‍ നോട്ടമിട്ട സവര്‍ണര്‍ ആരാധനാലയം പൂര്‍ണമായും പിടിച്ചെടുത്തു. ആരാധനാ ക്രമങ്ങള്‍ക്കും മാറ്റം വരുത്തി. കൂടാതെ കുറവര്‍ മലനടയില്‍ കയറരുത് എന്ന വിലക്കും കല്‍പ്പിച്ചു.

ഇന്ന് മലനടയില്‍ കുറവര്‍ക്ക് ആരാധന നടത്തണമെങ്കില്‍ സവര്‍ണരുടെ അനുവാദം ലഭിക്കണമെന്നാണ് കുറവ സമുദായക്കാര്‍ പറയുന്നത്. സവര്‍ണ വിഭാഗക്കാര്‍ ഇടയ്ക്കിടയ്ക്ക് ദേവപ്രശ്‌നം നടത്തി മലനടയുടെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങി. പതുക്കെ ഉത്സവങ്ങളും പൊങ്കാലയും കയ്യടക്കാന്‍ തുടങ്ങി. കൂടാതെ കഴിഞ്ഞ വര്‍ഷം മലനടയില്‍ നടത്തിയ പൊങ്കാല തടയുകയും ഇനി വരും വര്‍ഷങ്ങളില്‍ പൊങ്കാല നടത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കുറവര്‍ സമൂഹം പറയുന്നു.

കുന്നത്തൂരിന്റെ അധിപനായാണ് കല്ലുമണ്‍ വല്യപ്പൂപ്പന്‍ അറിയപ്പെടുന്നത്. ഉപകാവുകളും കൊട്ടാരവും കളരിയും ചേര്‍ന്നതാണ് കല്ലുമണ്‍ മലനട. കുളപ്പുള്ളി മഠം, അമ്പിക്കുന്നില്‍ മഠം, മുത്തേരി മഠം, കല്ലുമണ്‍ ചേരി കളരി എന്നീ നാല് വീടുകളാണ് കല്ലുമണ്‍ മലനടയുടെ അവകാശികള്‍. കൂടാതെ ഒരു ഊരാളി കുടുംബവുമുണ്ട്. മലനടയിലെ ആചാരങ്ങളുടെ മേല്‍നോട്ടം ഊരാളിക്കാണ്. ഊരാളി താമസിക്കുന്ന വീട് കൊട്ടാരം എന്നറിയപ്പെടുന്നു.

തീര്‍ത്തും വിഗ്രഹാരാധനയ്ക്ക് എതിരു നില്‍ക്കുന്ന കുറവര്‍ മലനടയില്‍ ആരാധിക്കുന്നത് പൂര്‍വികരെയാണ്. പൂര്‍വികരെ കുറവര്‍ അപ്പൂപ്പന്‍ എന്നാണ് വിളിക്കുന്നത്. ആരാധനയ്ക്കായി കുറവര്‍ ഉപയോഗിക്കുന്നത് വെറ്റിലയും അടക്കയും പുകയിലയും കരിക്കിന്‍ വെള്ളവുമാണ്. കാവില്‍ ഒരു തറ കെട്ടി അതിനു മുകളില്‍ ഇവയെല്ലാം വെച്ചാണ് ആപ്പൂപ്പനെ പൂജിക്കുന്നത്. തറയ്ക്ക് മുകളില്‍ അപ്പൂപ്പന്റെ പട്ടും കുടയും കറുത്ത മുണ്ടും ഉണ്ടായിരുന്നു. എന്നാല്‍ സവര്‍ണര്‍ അതെല്ലാം കായികമായി ബലം പ്രയേഗിച്ച് എടുത്ത് കളഞ്ഞെന്ന് കുറവര്‍ പറയുന്നു.

കഴിഞ്ഞ 40 വര്‍ഷമായി മലനടയുടെ വരുമാനം എടുക്കുന്നത് സവര്‍ണ സമൂഹമാണ്. ഇതിനു വേണ്ടി മലനടയിലും അതിനു ചുറ്റും മൂന്നു കാണിക്ക വഞ്ചികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ മലനട കര്‍ണ ക്ഷേത്രമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സവര്‍ണര്‍. ഇതിനുവേണ്ടി മലനടയുടെ പ്രവേശന കവാടത്തില്‍ കര്‍ണ ക്ഷേത്രമെന്ന ബോര്‍ഡും വെച്ചിട്ടുണ്ട്.

കുറവ സമൂഹത്തിന്റെ ഗോത്ര സംസ്‌കൃതിയും ആരാധനയും വിളിച്ചോതുന്ന കലാരൂപമാണ് കുറവരുകളി. കാലും കയ്യിന്റെ ചലനങ്ങളും ഉപയോഗിച്ച് കളിക്കുന്ന കുറവരുകളിയില്‍ ബ്രാഹ്മണ്യം കലര്‍ത്തിയെന്ന് കുറവര്‍ കലാകാരന്മാര്‍ പറയുന്നു. മഹാഭാരതവും രാമായണവും കുറവരുകളിയില്‍ കലര്‍ത്തി വെറും ചവിട്ടു കളിയാക്കി അതിനെ മാറ്റിയെന്നും കുറവര്‍ കലാകാരന്മാര്‍ പറയുന്നു.

പ്രശസ്തമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രമാക്കി മാറ്റിയാണ് സവര്‍ണ വിഭാഗം കുറവരുടെ ആരാധന കേന്ദ്രങ്ങള്‍ കയ്യടക്കിത്തുടങ്ങിയത്. പിന്നീട് മറ്റു ഉപകാവുകളും ആചാര ക്രമങ്ങളും കയ്യടക്കിത്തുടങ്ങി. എന്നാല്‍ തങ്ങളുടെ സ്വത്വം നിറഞ്ഞുനില്‍ക്കുന്ന കല്ലുമണ്‍ മലനട സവര്‍ണര്‍ക്ക് വിട്ടുകൊടുക്കില്ലെന്നാണ് കുറവര്‍ പറയുന്നത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം