കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കണ്ണൂര്‍ ചെറുകുന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കണ്ടല്‍ വന സംരക്ഷകനായിരുന്ന പൊക്കുടന്‍ അദ്ദേഹത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രശസ്തനായത്.
കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീല്‍തറയില്‍ അരിങ്ങളെയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മകനായി 1937ലാണ് പൊക്കുടന്റെ ജനനം.
ഇടതുപക്ഷ സഹയാത്രികനായിരുന്ന പൊക്കുടന്‍ തന്റെ പതിനെട്ടാം വയസില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും പിന്നീട് സി.പി.ഐ.എം അനുഭാവിയുമായിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസം നേരത്തെ തന്നെ ഉപേക്ഷിച്ച അദ്ദേഹം കൃഷിക്കാര്‍ക്ക് വേണ്ടി എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന ജയില്‍ നിറക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്.
നിരവധി പരിസ്ഥിതി പുരസ്‌കാരങ്ങളും പുറമെ കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് യുനെസ്‌കോയുടെ പാരിസ്ഥിതിക പ്രവര്‍ത്തന വിഭാഗത്തിന്റെ അഭിനന്ദനവും പൊക്കുടന് ലഭിച്ചിട്ടുണ്ട്.
എണ്‍പതുകള്‍ മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന പൊക്കുടന്‍ പിന്നീടിക്കാലം വരെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ വനങ്ങള്‍ അദ്ദേഹം വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
2013ല്‍ പുറത്തിറങ്ങിയ “പാപ്പിലിയോ ബുദ്ധ” എന്ന സിനിമയിലും പൊക്കുടന്‍ അഭിനയിച്ചിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്