| Monday, 22nd April 2019, 9:26 pm

'വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പൊയ്‌ക്കോളൂ'; മൈസൂരില്‍ വെച്ച് കേടായ കല്ലട ബസ്സിലെ യാത്രക്കാരെ വീണ്ടും പെരുവഴിയില്‍ നിര്‍ത്തി ജീവനക്കാര്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൈസൂരില്‍ വെച്ച് കേടായ കല്ലട ബസ്സിലെ യാത്രക്കാരോട് മറ്റു വാഹങ്ങളില്‍ കയറി പോകാന്‍ ബസ്സിലെ ജീവനക്കാര്‍. കേടായ ബസ്സിനു പകരം ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാരോടാണ് വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പോകാന്‍ ബസിലെ ജീവനക്കാര്‍ പറഞ്ഞതെന്ന് ബസില്‍ യാത്ര ചെയ്തിരുന്ന താമരശ്ശേരി സ്വദേശി അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കല്ലട ബസാണ് മൈസൂരില്‍ വെച്ച് എ.സി കേടായി നിര്‍ത്തിയിട്ടിരിക്കുന്നത്.

‘മൈസൂരില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത് എ.സി കേടായി ബസ് നിര്‍ത്തിയിട്ടു. തുടര്‍ന്ന് എ.സി ഇടാതെ മൈസൂര്‍ വരെ എത്തി. അവിടെ നിന്നും യാത്രക്ക് വേണ്ടി മറ്റൊരു ബസ് വിട്ടുതരാം എന്നാണ് ജീനക്കാര്‍ പറഞ്ഞത്. ആറുമണിക്ക് മൈസൂര്‍ എത്തിയതാണ്. ഇതുവരെ ബസ് റെഡിയാക്കി തന്നിട്ടില്ല’- അരുണ്‍ പറയുന്നു.

വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ചിട്ട് മാനേജര്‍ ഫോണ്‍ എടുക്കുന്നില്ല എന്നാണ് ജീവനക്കാര്‍ പറയുന്നതെന്നും അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ബെംഗളൂരുവില്‍ നിന്നും ബസ് വരുന്നുണ്ട് അതില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. കുട്ടവരെ മറ്റൊരു ബസ് റെഡിയാക്കി തരാം അവിടെ നിന്നും മറ്റൊരു ബസില്‍ കയറി പോകാനും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതൊന്നും അല്ലെങ്കില്‍ മറ്റു വാഹങ്ങളില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെ മഴയുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 30 പേര്‍ മഴയത്ത് നില്‍ക്കുകയാണ്. നാളെ തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള മൂന്നു ആളുകളും ബസ്സിലുണ്ട്’- അരുണ്‍ പറയുന്നു.

അതേസമയം, കല്ലട ബസ് സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായാണെന്ന് വിവരാവകാശ രേഖ. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ബസിനുള്ളതെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു. എന്നാല്‍ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടേതിന് സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്.

പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള അനുവാദവും കല്ലട ബസുകള്‍ക്കില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിങ് കൗണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തുന്നത്.

അതേസമയം, തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.

സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more