ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി നിർമിക്കാനിരുന്ന ചിത്രം നടക്കാതെപോയെന്ന് സംവിധായകൻ കല്ലയം കൃഷ്ണദാസ്. ഇന്ദ്രജിത്ത് ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം കാണിച്ചിരുന്നെന്നും എന്നാൽ ചില കണ്ടീഷൻസ് ചേരാതെ വന്നപ്പോൾ ചിത്രം നടക്കാതെപോയെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുകുമാരന്റെ മക്കൾ എന്ന നിലയിൽ അല്ലാതെ തന്നെ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും നല്ല പേരും പ്രശസ്തിയും വന്നപ്പോൾ ഞാൻ അവരെ ഒരു സിനിമക്കായി അപ്രോച്ച് ചെയ്തിരുന്നു. അത് നടക്കാതെ പോയി.
ഇന്ദ്രജിത്ത് വളരെ നല്ല രീതിയിൽ താല്പര്യം കാണിച്ചിരുന്നു. സുകുവേട്ടനെ വെച്ച് പടം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അറിയാം എന്ന്പറഞ്ഞു. സിനിമ ചെയ്യുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ തീർച്ചയായും ചെയ്യാമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ഞാൻ മല്ലിക ചേച്ചിയുമായിട്ട് സംസാരിച്ചു, സിനിമയിൽ പൃഥ്വിരാജിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് സിനിമക്കും നല്ലതാണ്. ഇന്ദ്രജിത്ത് ഓക്കേ പറഞ്ഞു, പൃഥ്വിരാജ് കൂടി ഉണ്ടെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് എനിക്ക് തോന്നി. സുകുമാരന്റെ രണ്ട് മക്കളും ഇപ്പോൾ ജ്വലിച്ച്നിൽക്കുന്ന സൂപ്പർ സ്റ്റാറുകൾ അല്ലേ.
തുകയുടെ കാര്യം നിർമാതാവുമായി സംസാരിച്ചു. അത് അവർ (ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നേരിട്ടല്ല ചർച്ച ചെയ്തത്. മല്ലിക ചേച്ചിയുമായിട്ടാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുക, തുകയുടെ കാര്യത്തിലേക്ക് വന്നപ്പോൾ ചില കണ്ടീഷൻസ് പോരാതെവന്നു. അങ്ങനെ ആ സിനിമ ചെയ്യാൻ പറ്റിയില്ല.
അന്ന് അവരുടെ സിനിമ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത് മല്ലിക ചേച്ചി ആയിരുന്നു. ഇപ്പോൾ അവർ ഇൻഡിപെൻഡന്റ് ആയി. അന്ന് ഞാൻ പൃഥ്വിയെ കണ്ടില്ല. നല്ലൊരു കഥയും ബഡ്ജെറ്റുമായിട്ട് ആരെങ്കിലും വന്നാൽ ഉറപ്പായും അവരെ വെച്ച് ഇനിയും ചിത്രം ചെയ്യാൻ പറ്റും,’കല്ലയം കൃഷ്ണദാസ് പറഞ്ഞു.
Content Highlights: Kallayam Krishnadas on Prithviraj and Indrajith