കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്; പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി
Kerala News
കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്; പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th September 2021, 8:29 pm

കൊച്ചി: നര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി).

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണെന്നും കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്നും കെ.സി.ബി.സി പറഞ്ഞു.

കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെ തിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.

വര്‍ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്നും കെ.സി.ബി.സി പറഞ്ഞു.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കള്‍ ഉള്‍ക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി.ബി.സി പറഞ്ഞു.

കേരളം ഗൗരവകരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവും. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്.

ഐ.എസ്. ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിര ക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനി യോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ.സി.ബി.സിയുടെ പത്രകുറിപ്പില്‍ പറഞ്ഞു.

അതേസമയം പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നുമാണ് മാര്‍ അപ്രേം പറഞ്ഞത്.

മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തില്‍ കല്ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തില്‍ ഇത് ചര്‍ച്ചയാക്കേണ്ടെന്നും ബിഷപ് മാര്‍ അപ്രേം പറഞ്ഞു.

നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരുന്നു. സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ വി.ഡി. സതീശനും പി.ടി. തോമസിനും മാര്‍ കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം,’ സതീശന്‍ പറഞ്ഞു.

നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.

മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kallarangad’s words should not be disputed but should be discussed in public; KCBC supports Bishop Pala