'മര്‍ദ്ദനത്തിനിടെ കുതറി ഓടിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേനേ'; കല്ലട ബസ്സില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ അജയഘോഷ്
കൊച്ചി: കല്ലട ബസ്സില്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് മര്‍ദ്ദനത്തിനിരയായ അജയഘോഷ്. ഓടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേനേ എന്നും അജയഘോഷ് പറഞ്ഞു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനാണ് അജയഘോഷ് അടക്കമുള്ള മൂന്നുപേരെ ബസ്സിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ബദല്‍ സംവിധാനം ആവശ്യപ്പെട്ട് കല്ലടയുടെ വൈറ്റില ഓഫീസില്‍ വിളിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു എന്ന് അജയഘോഷ് പറയുന്നു.
‘മെക്കാനിക് വന്നാല്‍ 2000 രൂപയ്ക്ക് തീരേണ്ട കാര്യം വേറെ ബസ്സിട്ടാല്‍ 30,000 രൂപ ചെലവ് വരും, നീയൊക്കെ അവിടെ കിടക്ക്’ എന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പിയെ വിളിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഹരിപ്പാട് സി.ഐ സാബു സെബാസ്റ്റ്യന്‍ സ്ഥലത്തെത്തി. സി.ഐ കര്‍ശന നിലപാടെടുത്തതോടെ വൈറ്റില ഓഫീസില്‍ നിന്നും മറ്റൊരു ബസ് വിട്ടു നല്‍കി.
ഹരിപ്പാട് നിന്നും ബസ്സില്‍ കയറിയതിനു ശേഷം ജീവനക്കാര്‍ മര്‍ദ്ദിക്കാന്‍ തുനിയുകയും കൂടെ യാത്ര ചെയ്തിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഇവരെ പിടിച്ചുമാറ്റുകയുമായിരുന്നു. തുടര്‍ന്ന് വൈറ്റിലയില്‍ എത്തിയപ്പോഴാണ് പൊലീസ് ആണെന്ന് പറഞ്ഞ് ചിലര്‍ ബസ്സില്‍ കയറി ഫോണ്‍ പിടിച്ചു വാങ്ങി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.
വിദ്യാര്‍ഥികളെ അവര്‍ ക്രൂരമായാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിടെ ഞാന്‍ കുതറി ഓടിയതു കൊണ്ട് രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു’- അജയഘോഷ് പറയുന്നു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.
അതേസമയം, സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.