| Thursday, 25th April 2019, 4:46 pm

യാത്രക്കാരെ മര്‍ദിച്ച സംഭവം; സുരേഷ് കല്ലട പൊലീസിന് മുമ്പാകെ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട പൊലീസിന് മുന്‍പില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷനറുടെ ഓഫീസിലാണ് സുരേഷ് ഹാജരായത്. പൊലീസ് സുരേഷിനെ ചോദ്യം ചെയ്തു വരികയാണ്.

ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുരേഷ് കല്ലട നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നായിരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്.

കല്ലട കേസ് അന്വേഷിക്കുന്ന മരട് സി.ഐയുടെ ഓഫീസില്‍ ഹാജരാകാനായിരുന്നു സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് സുരേഷ് പൊലീസിന് മുമ്പാകെ ഹാജരായതെന്നാണ് വിലയിരുത്തല്‍.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.

യാത്രക്കാരെ മര്‍ദിച്ച കേസില്‍ കല്ലട ട്രാവല്‍സിലെ എല്ലാ പ്രതികളേയും പൊലീസ് അറിസ്റ്റു ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കല്ലട മാനേജ്മെന്റിന്റേത് അപലപനീയമായ നിലപാടാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്ന സാഹചര്യത്തില്‍ 259 അന്തര്‍സംസ്ഥാന ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മിക്ക സര്‍വീസുകളും നിയമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.

അന്തര്‍ സംസ്ഥാന ബസ്സുകളില്‍ നടത്തുന്ന പരിശോധന തുടരുമെന്നും ഗതാഗതമന്ത്രി പറഞ്ഞിരുന്നു. ജൂണ്‍ 1 മുതല്‍ ജി.പി.എസ് നിര്‍ബന്ധമാക്കും. ലൈസന്‍സ് വ്യവസ്ഥകളും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഏജന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 46 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more