കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു
Kerala
കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 1:17 pm

 

കോട്ടയം: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ് ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു.

വൈക്കം ടൗണിലെ ബുക്കിംഗ് ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടപ്പിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കല്ലടയുടെ ജില്ലയിലെ മറ്റ് ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയേഷ് ജിതിന്‍ എന്നിവരെയാണ് മരടു പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസ് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും.

ഇന്നലെയാണ് യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളില്‍ തൊഴിലാളികള്‍ മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ കല്ലട ട്രാവല്‍സിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം സംഭവത്തില്‍ കല്ലടയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നുണ്ട്. കേടായ ബസിനുപകരം ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെട്ടതിന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കല്ലട ബസ് ബഹിഷ്‌ക്കരിക്കണമെന്നുമാവശ്യപ്പെട്ടാണ് ക്യാംപയിന്‍.

#Boycott_kallada_tratvels എന്ന ഹാഷ്ടാഗില്‍ ക്യാംപയിന്‍ നടത്തുന്ന സോഷ്യല്‍ മീഡിയയില്‍ കല്ലടയ്‌ക്കെതിരെ നിരവധി പ്രതിഷേധ പോസ്റ്റുകളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.