കൊച്ചി: കല്ലട ബസ്സിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
തമിഴ്നാട് സ്വദേശിയെ ബസില്‍ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് ഗതാഗത മന്ത്രിയുടെ നടപടി. ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത്. ബസ്സിലെ യാത്രക്കാരാണ് പ്രതിയായ ജോണ്‍സണ്‍ ജോസഫിനെ പൊലീസിനു പിടിച്ചുകൊടുത്തത്. ബസ് തേഞ്ഞിപ്പലത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലട ബസ്സില്‍ യാത്ര ചെയ്തിരുന്ന പയ്യന്നൂര്‍ സ്വദേശിക്ക് കല്ലട ബസ്സില്‍ വെച്ച് പരിക്ക് പറ്റിയിരുന്നു. യാത്രക്കാരന്റെ തുടയെല്ല് പൊട്ടി ചികില്‍സയിലാണ്. മോഹനാണ് മൈസൂരില്‍ വെച്ച് പരിക്കുപറ്റിയത്.
അമിത വേഗത്തില്‍ ഓടിയ ബസ് ഹംപില്‍ ചാടിയപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഗുരുതരാവസ്ഥയിലായ മോഹനെ മകനെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
മോഹന്‍ ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. പരിക്കു പറ്റി മോഹന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാര്‍ ഗൗനിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഹന് മൂന്ന് മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.