| Tuesday, 25th February 2020, 9:40 am

കല്ലട ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്ലട ബസ് അപകടത്തില്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു.

എതിരെ വന്ന കാറിലിടിച്ച് അപകടമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ബസ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു ഡ്രൈവര്‍ അടക്കമുള്ള ബസ് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ ഡ്രൈവറുടെ വാദം തെറ്റാണെന്നും അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നും ചൂണ്ടിക്കാട്ടി അപകട സമയത്ത് ബസിലുണ്ടായിരുന്ന അമൃത മേനോന്‍ എന്ന യാത്രക്കാരി രംഗത്തുവന്നിരുന്നു.

ബെംഗലൂരുവില്‍ നിന്നും യാത്ര തുടങ്ങിയ സമയം മുതല്‍ ഭയപ്പെടുത്തുന്ന വേഗത്തിലാണ് ഡ്രൈവര്‍ വണ്ടിയോടിച്ചിരുന്നതെന്നും സ്ലീപ്പര്‍ സീറ്റുകളില്‍ കിടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നെന്നും അമൃത വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയായിരുന്നു അമൃത അപകടത്തിനെക്കുറിച്ച് വിശദീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡ്രൈവറുടെ അമിത വേഗത്തിനെതിരെ യാത്രക്കാര്‍ പലതവണ പരാതിയുന്നയിച്ചിട്ടും അത് കേള്‍ക്കാന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ലെന്നും അമൃത പറഞ്ഞിരുന്നു.

അപകടത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യണമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 21നാണ് ബെംഗലൂരു – പെരിന്തല്‍മണ്ണ റൂട്ടില്‍ വന്നിരുന്ന കല്ലട ബസ് അപകടത്തില്‍ പെട്ടത്. മൈസൂര്‍ ഹുന്‍സൂരില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഉള്‍പ്രദേശത്ത് വെച്ചുനടന്ന അപകടമായിരുന്നതാനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. അപകടത്തെക്കുറിച്ച് പല വ്യാജവാര്‍ത്തകളും പ്രചരിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more