അധ്യാപകനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത് വിദ്യാര്‍ത്ഥികള്‍; നടപടി പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് എം.എസ്.എഫ്
Dalit
അധ്യാപകനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത് വിദ്യാര്‍ത്ഥികള്‍; നടപടി പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് എം.എസ്.എഫ്
കവിത രേണുക
Thursday, 28th November 2019, 5:20 pm

കോഴിക്കോട്: അധ്യാപകനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കോളെജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സമരം.

കല്ലാച്ചി എം.ഇ.ടി കോളെജിലെ അധ്യാപകനായ കായക്കൊടി സ്വദേശി പുത്തന്‍ പുരയില്‍ അഖില്‍ വിനായകിനെ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.

നവംബര്‍ ഒന്നിനാണ് എം.ഇ.ടി കോളെജില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജില്‍ നടന്ന റാഗിങ് അധ്യാപകന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അധ്യാപകന്‍ കോളെജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും കുട്ടികളെ പുറത്താക്കുകയുമായിരുന്നു.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ തളീക്കര സ്വദേശി സയ്യിദ് വില്ലയില്‍ മുഹമ്മദ് ഷാമില്‍, കുനിങ്ങാട് സ്വദേശി കുന്നോത്ത് മുഹമ്മദ് ഫവാസ്, വള്ള്യാട് സ്വദേശി കീരങ്ങല്‍ കെ.കെ മുഹമ്മദ് ഇഷാം, കല്ലിക്കണ്ടി തണ്ടര്‍ പറമ്പത്ത് ടി.കെ ഫവാസ് എന്നിവരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്.

എന്നാല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തില്ലെങ്കില്‍ സമരം നടത്തുമെന്ന നിലപാടിലാണ് എം.എസ്.എഫ്. സമൂഹ മാധ്യമങ്ങളിലും അധ്യാപകനെതിരെ എം.എസ്.എഫ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

തന്റെ മുന്നില്‍ റാഗിങ് നടക്കുന്നത് കണ്ടതുകൊണ്ടാണ് അവരെ വിളിച്ച് അന്വേഷിച്ചതെന്നും എന്നാല്‍ വിഷയം വഴിതിരിച്ച് വിടുന്നതിന് വേണ്ടി തന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു കൂട്ടം ആളുകള്‍ വരികയും  പ്രശ്നമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് അധ്യാപകനായ അഖില്‍ വിനായക് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘കുട്ടികള്‍ ക്ലാസ്സില്‍ വന്ന് വിളിക്കുകയായിരുന്നു. ശേഷം ഡിപ്പാര്‍ട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ചാണ് പ്രശ്നങ്ങള്‍ നടക്കുന്നത്. വലിയൊരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വളരെ മോശമായിട്ട് സംസാരിക്കുകയും ചെയ്യുകയായിരുന്നു.  അതിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മേശയും കസേരയുമൊക്കെ വലിച്ചിട്ട് വാതില്‍ അടയ്ക്കുകയും ചെയ്തു’-അഖില്‍ വിനായക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൂട്ടത്തില്‍ ഒരു കുട്ടി എന്റെ നാട്ടുകാരനാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശവും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി.

അത് കഴിഞ്ഞിട്ടാണ് പിന്നീട് എന്നെ ഹരാസ് ചെയ്യുന്ന തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. പ്രിന്‍സിപ്പാള്‍ സസ്പെന്‍ഷന്‍ ലെറ്റര്‍ കൊടുത്തെങ്കിലും അത് വാങ്ങിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. തങ്ങള്‍ പിറ്റേ ദിവസം ക്ലാസില്‍ വരുമെന്നും ഇവര്‍ പറഞ്ഞു. പിറ്റേ ദിവസം പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് അവര്‍ ക്ലാസില്‍ വരാതായത്.

എന്നാല്‍ അവര്‍ റിവ്യൂ ഹരജി കൊടുത്ത പ്രകാരം നിയമത്തിന്റെ പരിധിയിയില്‍ നിന്നുകൊണ്ട് അവരെ റസ്റ്റികേറ്റ് ചെയ്തു. മാത്രമല്ല യൂണിവേഴ്‌സിറ്റി ഡീന്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതാം. പരീക്ഷയുടെ തലേ ദിവസം പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങിയതിനു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

അതു മാത്രമല്ല, ഞാന്‍ പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചു, അത് ചോദിക്കാന്‍ വന്നതാണ് അധ്യാപകന്റെയടുത്ത് എന്ന തരത്തിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാത്രമല്ല, അധ്യാപകര്‍ ഞങ്ങള്‍ തരുന്ന പൈസ കൊണ്ടാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നടക്കമുള്ള കാര്യങ്ങളാണ് ഇവര്‍ ആരോപിക്കുന്നത്’ എന്നും അഖില്‍ വിനായക് പറഞ്ഞു.

ഈ വിഷയത്തില്‍ മാനേജ്മെന്റിന്റെയും പ്രിന്‍സിപ്പാളിന്റെയും സപ്പോര്‍ട്ട് എനിക്ക് ഉണ്ടായിരുന്നു. മാത്രമല്ല, അന്നു തന്നെ വിഷയം അന്വേഷിക്കാന്‍ ക്ലാസ്സില്‍ വന്ന അധ്യാപകരോടും വിദ്യാര്‍ത്ഥികള്‍ മോശമായിട്ടാണ് പെരുമാറിയത് എന്നും അഖില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ഇ.ടി കോളെജില്‍ എം.എസ്.ഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പഠിപ്പുമുടക്കി സമരം നടത്തിയിരുന്നു.
എന്നാല്‍ കോളെജില്‍ നടന്ന വിഷയത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല എന്നാണ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ ഇര്‍ഷാദ് അലി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഒരു വിഷയമുണ്ടായപ്പോള്‍ അത് അധ്യാപകനുമായി സംസാരിക്കാനാണ് അവര്‍ പോയത്. പിന്നീട് അതൊരു വാക്കേറ്റമായി മാറുകയായിരുന്നു. അധ്യാപകനെ ജാതിപ്പേര് വിളിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുകയുമായിരുന്നു.

അധ്യാപകനോട് സംസാരിച്ചിരുന്നവര്‍ കുറെ പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്രയൊന്നും പേര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആകെ നാലുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. അതുകൊണ്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. അധ്യാപകനെ ജാതി പേര് വിളിച്ചിട്ടില്ലെന്നും ഇര്‍ഷാദ് പറയുന്നു.

ജാതിപ്പേരുവിളിച്ചെങ്കില്‍ അത് ക്ഷമിച്ചു കൊടുക്കേണ്ടത് അധ്യാപകന്റെ കടമയാണ് എന്ന തരത്തില്‍ യൂത്ത് ലീഗ് വരെ ഇടപെട്ട് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ അത് ഒരു രക്ഷിതാവിന്റെ സ്ഥാനത്തെന്ന പോലെ അധ്യാപകന്‍ ഇടപെടുകയും ക്ഷമിക്കുകയും ചെയ്യണമായിരുന്നെന്നും ഇര്‍ഷാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഒരു വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് ഒരു പ്രായത്തിന്റെ പക്വതക്കുറവുകൊണ്ടും അങ്ങനെ വിളിച്ചേക്കാം. ഇവിടെ അങ്ങനെ വിളിച്ചിട്ടില്ല. അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെ പോലെ കാണണം. കുട്ടികളോട് ഒരു തെറ്റു പറ്റിയാല്‍ അത് ക്ഷമിക്കാന്‍ അധ്യാപകന് പറ്റണം. കോളെജില്‍  കൊടുത്ത പരാതി കുഴപ്പമില്ല. എന്നാല്‍ കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന തരത്തില്‍ പരാതികള്‍ നല്‍കുന്നത് മനഃപൂര്‍വ്വമാണ്. പിന്നെ ഇവിടെ ഇദ്ദേഹം രാഷ്ട്രീയപരമായികൂടിയാണ് ഇടപെടുന്നത്. അപ്പോള്‍ ഞങ്ങള്‍ അത്തരത്തില്‍ തന്നെ ഇടപെട്ട് പോകും എന്നാണ് ഇര്‍ഷാദ് പറയുന്നത്.

സംഭവത്തില്‍ പ്രിന്‍സിപ്പാളും കോളെജ് മാനേജ്മെന്റും അധ്യാപകന് അനൂകൂലമായാണ് നിലപാടെടുത്തത്. എന്നാല്‍ ഒരിക്കലും മാനേജ്മെന്റും പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി നിലപാടെടുക്കില്ല എന്നാണ് ഇര്‍ഷാദ് വ്യക്തമാക്കിയത്.

അതേസമയം അധ്യാപകന്‍ തന്ന പരാതിയില്‍ കുട്ടികളുടെ പേരില്‍ തെറ്റുകണ്ടതുകൊണ്ടാണ് നടപടിയെടുത്ത് അവരെ പുറത്താക്കിയത് എന്നായിരുന്നു മാനേജ്മെന്റ് ചെയര്‍മാന്‍ ഇബ്രായി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘അധ്യാപകന്‍ തന്ന പരാതിയില്‍ കുട്ടികള്‍ അദ്ദേഹത്തെ അസഭ്യം പറയുകയും അധ്യാപകന് തരക്കാത്ത രീതിയില്‍ പെരുമാറുകയും ചെയ്തിട്ടുണ്ട് എന്നാണ് ഉള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ കുറ്റം ഉണ്ട് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അവരെ കോളെജിന്റെ ദൈനംദിന പരിപാടികളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ തിരികെ കയറ്റണം എന്ന ആവശ്യവുമായി സമരം നടത്തുന്നുണ്ട്. കോളെജ് പക്ഷെ കോളെജിന്റെ നിലപാടുമായിതന്നെ മുന്നോട്ടു പോകും’ എന്നും ഇബ്രായി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അധ്യാപകനായ അഖില്‍ വിനായകിന്റെ വിഷയത്തില്‍ മാത്രമല്ല, നിരവധി മറ്റു വിഷയങ്ങളിലും ഈ വിദ്യാര്‍ത്ഥികള്‍ ആരോപണ വിധേയരാണ്. രാഷ്ട്രീയ പ്രേരിതമായാണ് ഈ വിഷയത്തില്‍ നടപടിയെടുക്കുന്നതെന്നാണ് ഇരു കൂട്ടരും പറയുന്നത്.

അതേ സമയം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചാല്‍ കോളേജിനുമുന്നില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നാണ് ഡി.വൈ.എഫ്.എ കല്ലാച്ചി മേഖല കമ്മിറ്റി പറയുന്നത്.

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ