പ്രഭാസ് നായകനായ വമ്പൻ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘കൽക്കി 2898 എ.ഡി’ ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. 2025 ജനുവരി 3 ന് ഷോഗറ്റ്സുവിന് തൊട്ടുമുമ്പ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യും. വ്യവസായ പ്രമുഖനായ കബാത കെയ്സൊയുടെ കീഴിലുള്ള ട്വിൻ ആണ് ചിത്രം ജപ്പാനിൽ വിതരണം ചെയ്യുന്നത്. വൈജയന്തി മൂവീസ് നിർമിച്ച ‘കൽക്കി 2898 എ.ഡി’ നേടിയ ആഗോള ഗ്രോസ് 1200 കോടിക്ക് മുകളിലാണ്. ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ഈ ചിത്രം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി.
സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തന്റെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനെ അവതരിപ്പിച്ചതിലൂടെ പുരാണങ്ങളുടെ മഹത്വവും ഭാവി കാഴ്ചയും സമന്വയിപ്പിക്കുന്ന ഒരു ആഖ്യാനത്തിനാണ് ചിത്രം ജീവൻ പകർന്നത്.
കൽക്കി എന്ന അവതാരത്തെ ഗർഭത്തിൽ വഹിക്കുന്ന സുമതി എന്ന നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും വേഷമിട്ടിരിക്കുന്നു.
ഭാവികാല യുദ്ധങ്ങൾ, അന്യലോക സാങ്കേതികവിദ്യ, സാങ്കൽപ്പിക അന്വേഷണങ്ങൾ എന്നിവയുള്ള ‘കൽക്കി 2898 എ. ഡി’ ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നതിനേക്കാൾ, പുരാതന, ആധുനിക ലോകങ്ങളുടെ ഇതിഹാസ തുല്യമായ കഥ പറയുന്ന ഒരു സിനിമയാണ് സമ്മാനിക്കുന്നത്. പുരാണങ്ങളും ഭാവികാല ചിന്തകളും മനോഹരമായി സഹവർത്തിക്കുന്ന രാജ്യമായ ജപ്പാനിൽ ഈ ചിത്രത്തിന് വലിയ പ്രസക്തിയാണുള്ളത്. ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ വളരെയധികം ജനപ്രീതി ആസ്വദിക്കുന്ന പ്രഭാസിന്റെ സാന്നിധ്യവും ചിത്രത്തിന്റെ ജപ്പാൻ റിലീസിൽ നിർണ്ണായകമായ ഘടകമാണ്.
ദേശീയ അവാർഡ് ജേതാവ് നാഗ് അശ്വിൻ സംവിധാനം ചെയ്ത്, വൈജയന്തി മൂവീസ് നിർമിച്ച കൽക്കി 2898 എഡി 2025 ജനുവരി 3 ന് ജപ്പാനിൽ റിലീസ് ചെയ്യും. സിനിമാറ്റിക് മാസ്റ്റർപീസ് ഫ്യൂച്ചറിസ്റ്റ് തീമുകളെ പുരാണ സ്വരങ്ങളുമായി സംയോജിപ്പിച്ച്, കാഴ്ചക്കാർക്ക് സവിശേഷവും അതിശയകരവും വൈകാരികമായ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
Content Highlight: Kalki Movie Japanese Release