പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു കല്‍ക്കി. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു റയ. കല്‍ക്കിയില്‍ റയയായി എത്തിയത് പാതി മലയാളിയായ കേയ നായര്‍ എന്ന പെണ്‍കുട്ടിയാണ്. സിനിമയില്‍ കേയ അമിതാഭ് ബച്ചനൊപ്പം ചെയ്ത സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശാഭിമാനി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അമിതാഭ് ബച്ചനെ കുറിച്ച് പറയുകയാണ് കേയ.
‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപുര്‍വനിമിഷമായിരുന്നു എനിക്ക് കല്‍ക്കിയിലൂടെ ലഭിച്ചത്. സാധാരണ നമുക്ക് അമിതാഭ് ബച്ചനെ പോലെയുള്ള ആളുകളുടെ അടുത്തു പോകാന്‍ പോലും കഴിഞ്ഞെന്നുവരില്ല. പക്ഷേ, അദ്ദേഹവുമായി അടുത്ത് പെരുമാറിയപ്പോള്‍ അവരൊക്കെ വളരെ സാധാരണക്കാരായ നല്ല മനുഷ്യരാണെന്നാണ് എനിക്ക് മനസിലായത്.
അദ്ദേഹത്തിന്റെ പ്രതിഭയും പ്രൊഫഷണലിസവുമൊക്കെ നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. ഞാന്‍ പ്രഭാസിനെ സിനിമയുടെ പൂജയുടെ സമയത്താണ് കണ്ടത്. അല്ലാതെ എനിക്ക് അദ്ദേഹവുമായി കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് പൂജക്ക് വേണ്ടി എത്തിയ പ്രഭാസ് നേരെ അമിതാഭ് ബച്ചന്റെ അടുത്തേക്ക് ചെന്ന് കാല്‍തൊട്ട് വന്ദിച്ചു.
തിരിച്ച് പ്രഭാസിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ തുനിഞ്ഞ ബച്ചനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു. സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുമ്പോഴും ഇവരൊക്കെ വളരെ ഡൗണ്‍ ടു എര്‍ത്താണ്. എനിക്ക് കല്‍ക്കിയില്‍ കോമ്പിനേഷന്‍ സീനുകള്‍ കൂടുതലും ഉണ്ടായിരുന്നത് അമിതാഭ് ബച്ചനൊപ്പമാണ്.
ഞങ്ങള്‍ ആദ്യ തവണ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് കുടുംബത്തെ കുറിച്ചാണ്. എനിക്ക് ഒരു ഇരട്ട സഹോദരിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഐഡന്റിക്കല്‍ ആണോയെന്ന് ചോദിച്ചു. അല്ല, ഫ്രറ്റേണലാണെന്ന് ഞാന്‍ മറുപടി നല്‍കി. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ‘എന്റെ കൗമാരകാലത്ത് ഫ്രറ്റേണല്‍ എന്ന വാക്ക് ഉച്ചരിക്കാന്‍പോലും അറിയില്ലായിരുന്നു’ എന്നാണ്,’ കേയ നായര്‍ പറഞ്ഞു.
Content Highlight: Kalki Movie Character Raya Talks About Amithabh Bachchan