| Monday, 5th August 2024, 7:09 pm

ബുക്ക് മൈഷോയുടെ 17 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമായി കല്‍ക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മഹാഭാരതയുദ്ധത്തിന്റെ അവസാനം ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും മിക്ക തിയേറ്ററുകളിലും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ് കല്‍ക്കി. വേള്‍ഡ് വൈഡായി 1200 കോടിയോളമാണ് ചിത്രം നേടിയത്. 1000 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ പ്രഭാസ് ചിത്രമാണ് കല്‍ക്കി 2898 എ.ഡി. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ മാത്രം 150 കോടിക്കടുത്ത് കളക്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചരിത്രമെഴുതിയിരിക്കുകയാണ് കല്‍ക്കി. ആപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട സിനിമയെന്ന റെക്കോഡാണ് കല്‍ക്കി സ്വന്തമാക്കിയത്. 13 മില്യണ്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ ഒറ്റദിവസം കൊണ്ട് ഒരു മില്യണ്‍ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ഒരേയൊരു സിനിമയും കല്‍ക്കി തന്നെ.

ഷാരൂഖ് ഖാന്‍ ചിത്രം ജവാനാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്. 12.40 മില്യണ്‍ ടിക്കറ്റുകളാണ് ഷാരൂഖ് ചിത്രം വിറ്റഴിച്ചത്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ 9.9 മില്യണ്‍ ടിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തും, 9.8 മില്യണ്‍ ടിക്കറ്റുകളുമായി സണ്ണി ഡിയോള്‍ ചിത്രം ഗദ്ദര്‍ 2 നാലാം സ്ഥാനത്തുമുണ്ട്. ജയിലര്‍ (9.2), ലിയോ (7.9), സലാര്‍ (7.1), ഹനുമാന്‍ (4.7), ഡങ്കി (4.2) എന്നിവയാണ് ബാക്കി ചിത്രങ്ങള്‍.

സുപ്രീം യാസ്‌കിന്‍ എന്ന വില്ലന്‍ കഥാപാത്രമായി ഉലകനായകന്‍ കമല്‍ ഹാസനും കല്‍ക്കിയില്‍ ഞെട്ടിച്ചു. അന്ന ബെന്‍, ശോഭന, ശാശ്വത ചാറ്റര്‍ജി, പശുപതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍, വിജയ് ദേവര്‍കൊണ്ട, എസ്.എസ്. രാജമൗലി, രാം ഗോപാല്‍ വര്‍മ തുടങ്ങിയവരുടെ അതിഥിവേഷവും ചിത്രത്തിന് കൂടുതല്‍ മൈലേജ് നല്‍കി.

Content Highlight: Kalki 2898AD sold 13 million tickets in Bookmyshow app

We use cookies to give you the best possible experience. Learn more