| Friday, 2nd August 2024, 7:26 pm

അതുകൂടെ വന്നിരുന്നെങ്കില്‍ അന്ന ബെന്‍ കല്‍ക്കി വേള്‍ഡിലെ സൂപ്പര്‍ വുമണായേനേ: സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിര തന്നെ സിനിമയില്‍ ഒന്നിച്ചിരുന്നു. കല്‍ക്കിയില്‍ മലയാളിയായ അന്ന ബെന്നും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. കൈറയെന്ന കഥാപാത്രമായാണ് അന്ന എത്തിയത്.

ഇവര്‍ക്ക് പുറമെ കല്‍ക്കിയില്‍ മലയാളികളായ നിരവധി ആളുകള്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായിരുന്നു മലയാളിയായ വേണുഗോപാല്‍. അന്ന ബെന്നിന് കല്‍ക്കിയില്‍ കുറേ ആക്ഷന്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

‘അശ്വത്ഥാമാവും (അമിതാഭ് ബച്ചന്‍) ഭൈരവയും (പ്രഭാസ്) തമ്മിലുള്ള ഫൈറ്റ് സീക്വന്‍സുകള്‍ തുടക്കം മുതല്‍ അവസാനം വരെ ഡീറ്റെയില്‍ ആയിട്ട് വരച്ചിരുന്നു. ഞാനാണ് അത് ചെയ്തത്. ആ ഭാഗം മൊത്തം ഷൂട്ട് ചെയ്യുകയും വി.എഫ്.എക്‌സും ചെയ്തു. പക്ഷെ ട്രിം ചെയ്തപ്പോള്‍ കുറേ ഭാഗം പോകുകയായിരുന്നു. അതുപോലെ സിനിമയിലെ അന്ന ബെന്‍ അവതരിപ്പിച്ച കൈറയുടെ സീക്വന്‍സുകളും അങ്ങനെ ആയിരുന്നു.

അവര്‍ക്ക് ആ പോര്‍ഷനില്‍ കുറേ ആക്ഷന്‍ ഉണ്ടായിരുന്നു. അത് സിനിമയില്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷെ അന്ന ബെന്‍ മിക്കവാറും ഒരു സൂപ്പര്‍ വുമണ്‍ ആകുമായിരുന്നു. ഷൂട്ടിന്റെ ഇടയില്‍ അവരുടെ കാലില്‍ പരിക്ക് പറ്റിയിരുന്നു. റോപ്പില്‍ ചെയ്യുന്നതിന്റെ ഇടയില്‍ ആയിരുന്നു പരിക്ക് പറ്റിയതെന്ന് തോന്നുന്നു. അതൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അന്ന ചെയ്തത്. അങ്ങനെയാണ് പരിക്ക് സംഭവിക്കുന്നത്,’ വേണുഗോപാല്‍ പറയുന്നു.


Content Highlight: Kalki 2898 AD Story Board Artist Venugopal Talks About Anna Ben

We use cookies to give you the best possible experience. Learn more