| Tuesday, 25th June 2024, 12:37 am

അവസാനമിറങ്ങിയ മൂന്ന് സിനിമയും പ്രതീക്ഷക്കൊത്ത് വന്നില്ല, എന്നിട്ടും ബുക്ക്‌മൈഷോ ഇന്‍ട്രസ്റ്റില്‍ ഇങ്ങേര് തന്നെ മുന്നില്‍, ഫാന്‍സിന്റെ സ്വന്തം ഡാര്‍ലിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898വരെ നീണ്ടു നില്‍ക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഉലകനായകന്‍ കമല്‍ ഹസന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്.

റിലീസിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ ബുക്ക്‌മൈഷോയില്‍ കല്‍ക്കി ഒരു മില്ല്യണ്‍ ഇന്‍ട്രസ്റ്റ് നേടിക്കഴിഞ്ഞു. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് ബുക്ക്‌മൈഷോയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ട്രസ്റ്റ് നേടുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് കല്‍ക്കി. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ നാല് സിനിമകളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. 350 കോടി മുതല്‍ മുടക്കില്‍ വന്ന സാഹോ 419 കോടി മാത്രമാണ് നേടിയത്.

പിന്നീട് റിലീസായ രാധേ ശ്യാം 200 കോടിക്കടുത്ത് നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയിരുന്നു. ചിത്രം പരാജയമായതിന് പിന്നാലെ പ്രഭാസ് തന്റെ പ്രതിഫലം തിരികെ കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. രാധേ ശ്യാമിന് പിന്നാലെ തിയേറ്ററിലെത്തിയ ആദിപുരുഷും ഇന്ത്യന്‍ സിനിമ കണ്ട വലിയ പരാജയമായി മാറി. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസായ സലാര്‍ മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്ച വെച്ചത്.

ഇത്രയൊക്കെയാണെങ്കിലും ബുക്ക്‌മൈഷോ ഇന്‍ട്രസ്റ്റിലെ ടോപ്പ് ഫൈവ് തെലുങ്ക് സിനിമകളില്‍ പ്രഭാസിന്റെ നാല് സിനിമകളാണ് ഉള്ളത്. 1.8 മില്ല്യണ്‍ ഇന്‍ട്രസ്റ്റുമായി സലാറാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ 1.7 മില്ല്യണ്‍ ഇന്‍ട്രസ്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 1.1 മില്ല്യണ്‍ ഇന്‍ട്രസ്റ്റാണ് മൂന്നും നാലും സ്ഥാനത്തുള്ള ആദിപുരുഷിനും ബാഹുബലി 2വിനും ഉള്ളത്. ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് കല്‍ക്കി.

ഫാന്‍ ബെയ്‌സില്‍ പ്രഭാസിന് മുകളില്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മറ്റൊരു നടനുമില്ല എന്നാണ് ഈ കണക്കെല്ലാം കാണിക്കുന്നത്. ബാഹുബലിക്ക് ശേഷം ഒരു സിനിമ പോലും പ്രതീക്ഷിച്ച ലെവലില്‍ വന്നില്ലെങ്കിലും ഫാന്‍ ബേസില്‍ പ്രഭാസിന് വട്ടം വെക്കാന്‍ തെലുങ്ക് സിനിമയില്‍ മറ്റൊരു നടനില്ലെന്നാണ് ഇത്തരം കണക്കുകള്‍ തെളിയിക്കുന്നത്. കല്‍ക്കിയിലൂടെ ആരാധകരുടെ സ്വന്തം ‘ഡാര്‍ലിങ്’ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Kalki 2898 AD got one million interest in Bookmyshow

We use cookies to give you the best possible experience. Learn more