| Friday, 28th June 2024, 5:17 pm

റെക്കോഡ്‌സ് ചെക്ക് ചെയ്യ്, ഇതുവരെ ഒരൊറ്റ ഫൈറ്റ് പോലും തോറ്റിട്ടില്ല, ഇതിലും തോല്‍ക്കില്ല, ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനുമായി റിബല്‍ സ്റ്റാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പ്രഭാസ് ചിത്രം കല്‍ക്കി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനനം ചെയ്ത ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ബാഹുബലിക്ക് ശേഷം റിലീസ് ചെയ്ത പ്രഭാസ് ചിത്രങ്ങളൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നിരുന്നാലും എല്ലാ സിനിമകളും ആദ്യദിനം തന്നെ 100 കോടിക്ക് മുകളില്‍ നേടുകയും ചെയ്തു. കരിയറില്‍ ഡൗണായി നില്‍ക്കുന്ന സമയത്തും വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ റിലീസായ കല്‍ക്കിയും ആ പതിവ് തെറ്റിച്ചില്ല.

ഏറെക്കാലത്തിന് ശേഷം പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയ കല്‍ക്കി പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവുമുയുര്‍ന്ന രണ്ടാമത്തെ ഫസ്റ്റ് ഡേ കളക്ഷനാണ് നേടിയത്. 191.5 കോടിയാണ് ചിത്രം വേള്‍ഡ് വൈഡായി നേടിയത്. ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് കല്‍ക്കി. രാജമൗലിയുടെ സംവിധായനത്തില്‍ പിറന്ന ആര്‍.ആര്‍.ആറും, ബാഹുബലി 2വുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ആര്‍.ആര്‍.ആര്‍ 235 കോടിയും, ബാഹുബലി 2 214 കോടിയുമാണ് നേടിയത്. ഈ വര്‍ഷത്തെ ഏറ്റവുമുര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനീണ് കല്‍ക്കി നേടിയത്.

പ്രഭാസിന് പുറമെ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നാണ് അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവ്. 81ാം വയസിലും സ്‌ക്രീന്‍ പ്രസന്‍സിലും, ഫൈറ്റിലും താരം എല്ലാവരെയും അമ്പരപ്പിക്കുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദീപികാ പദുകോണ്‍, ശോഭന, അന്നാ ബെന്‍, സാശ്വതാ ചാറ്റര്‍ജീ, പശുപതി, ബ്രഹ്‌മാനന്ദം, ദിശാ പഠാനി, തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ ഒരുപാട് അതിഥി വേഷങ്ങളും ചിത്രത്തിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട തുടങ്ങിയവരുടെ അതിഥി വേഷം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Kalki 2898 AD collects the highest first day collection of this year

We use cookies to give you the best possible experience. Learn more