| Saturday, 13th July 2024, 4:17 pm

റിബല്‍ സ്റ്റാര്‍ രണ്ടാമതും 1000 കോടി ക്ലബില്‍; കുതിപ്പുമായി പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം കല്‍ക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എ.ഡി.’ ഒടുവില്‍ 1000 കോടി സ്വന്തമാക്കി. മൂന്നാം വാരത്തിലും ഗംഭീര അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. 2024 ജൂണ്‍ 27നാണ് ചിത്രം തിയേറ്ററില്‍ റിലീസ്ചെയ്തത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്ത് നിര്‍മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

കേരള ബോക്‌സ് ഓഫീസില്‍ 10 കോടി ഷെയര്‍ കടന്ന ‘ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍’ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രംഎന്ന പദവിയാണ് ‘കല്‍ക്കി 2898 എ.ഡി.’ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി 2 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷന്‍ നേടിയത്.

‘ബാഹുബലി 2: ദ കണ്‍ക്ലൂഷന്‍’ 72.5 കോടി, ‘കല്‍ക്കി 2898 എ.ഡി.’ 26.5 കോടി, ‘ആര്‍.ആര്‍.ആര്‍’ 25.50 കോടി, ‘സലാര്‍’ 16.75 കോടി, ‘പുഷ്പ ദി റൈസ്’ 14.70 കോടി എന്നീ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മികച്ച രീതിയില്‍ ഗ്രോസ് കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വെറും 15 ദിവസങ്ങള്‍ കൊണ്ടാണ് ‘കല്‍ക്കി 2898 എ.ഡി.’ കടന്നുവന്നത്.

ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എ.ഡി. 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഈ ചിത്രത്തില്‍ ‘ഭൈരവ’യായി പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ ‘സുമതി’യായി പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’നെ കമല്‍ ഹാസനും ‘ക്യാപ്റ്റന്‍’നെ ദുല്‍ഖര്‍ സല്‍മാനും ‘റോക്‌സി’യെ ദിഷാ പഠാനിയും അവതരിപ്പിച്ചു. പി.ആര്‍.ഒ.: ശബരി.

Content Highlight: Kalki 2898 AD Collection Crosses 1000 Crore

We use cookies to give you the best possible experience. Learn more