കെ.ജി.എഫിനെ കടത്തിവെട്ടാന്‍ കാളിയന്‍ എത്തുന്നു; പിറന്നാള്‍ ദിവസം മാസ് മ്യൂസികുമായി മോഷന്‍ വീഡിയോ
Entertainment
കെ.ജി.എഫിനെ കടത്തിവെട്ടാന്‍ കാളിയന്‍ എത്തുന്നു; പിറന്നാള്‍ ദിവസം മാസ് മ്യൂസികുമായി മോഷന്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th October 2022, 8:31 am

ഏറെ നാളായി ഏവരും കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കാളിയന്‍. ചിത്രത്തിന്റെ മോഷന്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിവസത്തിലാണ് കാളിയന്റെ മോഷന്‍ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. 26 സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ നേരത്തെ പുറത്തുവന്ന പോസ്റ്റര്‍ തന്നെയാണ് പ്രധാനമായും കടന്നുവരുന്നത്.

എന്നാല്‍ മ്യൂസികും ചെറിയ വരികളും ഈ വീഡിയോയിലുണ്ട്. ‘കരാള വേഷമാടി വാ കാളിയന്‍’ എന്ന വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുന്നുമുണ്ട്.

നേരത്തെ പുറത്തുവന്ന വീഡിയോല്‍ മുടി നീട്ടി വളര്‍ത്തി വ്യത്യസ്തമായ ലുക്കിലായിരുന്നു പൃഥ്വിരാജ്. ഇതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ പ്രഖ്യാപനസമയത്ത് തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. നാല് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡും മറ്റും കാരണം നീണ്ടുപോവുകയായിരുന്നു.

ചരിത്രവും ഫാന്റസിയും ചേര്‍ന്ന കഥയായിരിക്കും കാളിയന്നെനാണ് കരുതപ്പെടുന്നത്. ബി.ടി. അനില്‍ കുമാറാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവാണ് ക്യാമറ. രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായി എടുത്തുകാണിക്കുന്നത് രവി ബസ്‌റൂറിന്റെ സംഗീതമാണ്. കെ.ജി.എഫ് 1, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഹിറ്റാക്കിയ ബസ്‌റൂര്‍, മഡിക്ക് ശേഷം മലയാളത്തില്‍ സംഗീതമൊരുക്കുന്ന ചിത്രമാണ് കാളിയന്‍.

മോഷന്‍ വീഡിയോയിലെ വരികള്‍ക്ക് പിന്നാലെ, കാളിയനിലും രവി മാജിക് കാണിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒറ്റ വരിയിലൂടെയും 26 സെക്കന്റ് മാത്രമുള്ള ബി.ജി.എമ്മിലൂടെയും കിടിലന്‍ മാസ് ഇഫക്ടാണ് ഈ വീഡിയോ നല്‍കുന്നതെന്നും കമന്റുകളുണ്ട്.

ഡിസംബറിലായിരിക്കും കാളിയന്റെ ഷൂട്ട് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ആടുജീവിതം, ഗോള്‍ഡ്, കാപ്പ തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.

Content Highlight: Kaliyan motion poster released on Prithviraj’s birthday