|

ഒരു കലിപ്പനും കാന്താരിയും; വസീമിന്റെ വീരേതിഹാസ തല്ലുകഥകളും ബിപാത്തുവിന്റെ ആരാധനയും

അമൃത ടി. സുരേഷ്

തല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ ഒരു സിനിമ. അതിനിടക്കുണ്ടാകുന്ന പ്രണയം. ആ പ്രണയത്തിന്റെ പേരിലുണ്ടാകുന്ന തല്ലുകള്‍, അങ്ങനെ തല്ലുകളുടെ ഒരു ഘോഷയാത്രയാണ് തല്ലുമാലയില്‍. മാണവാളന്‍ വസീമായും വ്‌ളോഗര്‍ ബിപാത്തുവായി കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ നായികാനായകന്മാരായെത്തിയത്.

കണ്ടന്റ് ഇടുമ്പോഴേ റീച്ചാവുന്ന വൈറല്‍ താരമാണ് ബിപാത്തു. വസീമിന്റെ തല്ലിന്റെ ആരാധികയാണ് ബിപാത്തു. ‘ഓന്‍ വെടക്ക് ചെക്കനാ മോളേ’ എന്ന് പറഞ്ഞ് വീട്ടിലുള്ള ഉമ്മമാര് വസീമിന്റെ തല്ലുകളുടെ ‘വീരേതിഹാസ തല്ല് കഥകള്‍’ പറയുന്നത് കേള്‍ക്കുമ്പോള്‍ ബിപാത്തുവിന്റെ കണ്ണില്‍ വിരിയുന്ന പ്രണയം പ്രേക്ഷകര്‍ക്കും മനസിലാവും.

രാത്രിയില്‍ വസീമിന്റെ വീട്ടില്‍ ചെല്ലുന്ന ബിപാത്തുവും കൂട്ടുകാരും സംസാരിക്കാനായി അവനെ വീട്ടില്‍ നിന്നും വിളിച്ചിറക്കുന്ന രംഗമുണ്ട്. തന്റെ കൂട്ടുകാരന്‍ ഭീഷണി സ്വരത്തില്‍ ദേഷ്യപ്പെടുമ്പോള്‍ ഇതൊക്കെ എന്ത് എന്ന നിസാരഭാവത്തില്‍ നില്‍ക്കുന്ന വസീമിനെ ചിരിച്ചുകൊണ്ട് നോക്കുന്ന ബിപാത്തുവിന്റെ എക്സ്പ്രെഷന്‍ ഓര്‍മിപ്പിച്ചത്, ‘ഈ ഏട്ടായീടെ ഒരു കലിപ്പെന്ന’ മട്ടിലുള്ള കലിപ്പന്റെ കാന്താരി റീല്‍സ് വീഡിയോകളായിരുന്നു.

ബിപാത്തുവിന്റെ ജീവിതത്തില്‍ ഏറെ പ്രധാന്യമേറിയ ദിവസവും അലമ്പാക്കി കളഞ്ഞുകുളിച്ച വസീം വീണ്ടും അവളുടെ അടുത്തേക്ക് വരുമ്പോഴും ചിരിച്ചുകൊണ്ടാണ് നേരിടുന്നത്.

ആദ്യമായാണ് കല്യാണിയും ടൊവിനോയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇരുവരുടെയും കെമിസ്ട്രി അത്ര വര്‍ക്ക് ഔട്ടായത് പോലെ തോന്നുന്നില്ല. ‘ഒളെ മെലഡി’ എന്ന പാട്ടിലെ ചില രംഗങ്ങള്‍ നന്നായിരുന്നു.

എന്തായാലും തല്ലുമാലയെ കേരളക്കര ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം ബോക്‌സ് ഓഫീസിലും കളക്ഷന്‍ തൂത്തുവാരുകയാണ് ടൊവിനോ ചിത്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് അഞ്ച് കോടിയാണ് ചിത്രം നേടിയത്. ജനത്തിരക്ക് മൂലം ചിത്രത്തിന് അഡീഷണല്‍ ഷോകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Content Highlight: kalippanum kanthariyum story of manavalan vasim and bipaathu in thallumaala

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.