| Friday, 23rd November 2012, 11:20 am

ശ്വേതയുടെ പ്രസവരംഗം ഉള്‍പ്പെടുത്തിയതിനാല്‍ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ല: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്ലസി ചിത്രമായ കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ചിത്രത്തില്‍ ശ്വേത മേനോന്റെ പ്രസവരംഗം ഉള്‍പ്പെടുത്തിയതിനാലാണ് സിനിമ പ്രദര്‍ശിപ്പിക്കാത്തത്.

ചിത്രം ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. കേരളത്തിലെ തിയേറ്ററുകള്‍ ലേബര്‍ മുറി ആക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് നിരോധനം.[]

സ്ത്രീയുടെ സ്വകാര്യതയെ സിനിമയുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു സംവിധായകനെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ സ്പീക്കര്‍ ജി. കാര്‍ത്തികേയനും മുന്‍ എം.പി സബാസ്റ്റ്യന്‍ പോളും രംഗത്തെത്തിയിരുന്നു.

ചിത്രത്തിനെതിരെ വനിതാ സംഘടനകള്‍ രംഗത്തിറങ്ങണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം.

എന്നാല്‍ തന്റെ പ്രസവം ചിത്രീകരിച്ചത് അത്ര വലിയ തെറ്റായിട്ട് തോന്നുന്നില്ലെന്നായിരുന്നു ഇതേ കുറിച്ച് നടി ശ്വേതാ മേനോന്റെ പ്രതികരണം.

“ഞാനെന്റെ കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചതായി തോന്നുന്നില്ല. ഒരു സ്ത്രീക്കും തന്റെ പ്രസവം എങ്ങനെയായിരുന്നെന്നോ എപ്പോഴായിരുന്നെന്നോ അറിയാന്‍ കഴിയില്ല. എന്നാല്‍ എന്റെ പ്രസവവും അങ്ങനെ തന്നെയായിരുന്നു.

ഞാന്‍ പ്രസവിക്കുമ്പോള്‍ അവര്‍ അത് ചിത്രീകരിക്കുന്നുണ്ടെന്നോ ലേബര്‍ റൂമില്‍ മറ്റ് ആളുകളുണ്ടെന്നോ ഉള്ള കാര്യം എന്റെ മനസിലേ ഇല്ലായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാനില്ല.

ഈ ലോകം തിരിച്ചറിയേണ്ട ഒന്നാണ് മാതൃത്വം. അത് എന്നിലൂടെ അറിയാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ. ഇതിന്റെ പേരില്‍ എന്റെ മകള്‍ സബൈന ഭാവിയില്‍ എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതുന്നില്ല. ശ്വേത പറഞ്ഞു.

We use cookies to give you the best possible experience. Learn more